District News
വെള്ളരിക്കുണ്ട്: തലശേരി അതിരൂപത തിരുബാലസഖ്യം പ്രവർത്തന വർഷത്തിന്റെ ശാഖാ തല ഉദ്ഘാടനം വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ളവർ ഫൊറോന പള്ളിയിൽ വികാരി ഫാ.ഡോ. ജോൺസൺ അന്ത്യാംകുളം നിർവഹിച്ചു.
അതിരൂപത പ്രസിഡന്റ് സുനിൽ ചെന്നിക്കര അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ ഫാ. ജിതിൻ വയലുങ്കൽ മുഖ്യപ്രഭാഷണം നടത്തി. ഫാ. വിനോദ് ഇട്ടിയപ്പാറ, സിസ്റ്റർ ജോത്സ്ന എഫ്സിസി, മനോജ് മുടവനാട്ട്, ഷിജോ സ്രായിൽ, ജോഷ്ജോ ഒഴുകയിൽ, ആഞ്ജലോ പറതൂക്കിയേൽ, മുഖ്യാധ്യാപകൻ ജോസ് ഇലവുങ്കൽ, സിസ്റ്റർ ഷിജി തോമസ്, ബെന്നി കരിവേപ്പിൽ, ലില്ലിക്കുട്ടി മൂലേത്തോട്ടത്തിൽ എന്നിവർ പങ്കെടുത്തു.
District News
തളിപ്പറമ്പ്: നിര്‍മാണ സാമഗ്രികളുടെ സമഗ്ര കേന്ദ്രമായ കോര്‍ സ്റ്റോണ്‍സിന്റെ തളിപ്പറമ്പിലെ പുതിയ ഷോറൂമിന്റെ ഗ്രാന്‍ഡ് ലോഞ്ച് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ പി.കെ. സുബൈര്‍ ഉദ്ഘാടനം ചെയ്തു.
പ്രമുഖ ബ്രാന്‍ഡായ കജാരിയയുടെ എക്സ്ക്ലൂസീവ് സ്റ്റുഡിയോ ആന്തൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വി. സതീദേവിയും ജാഗ്വര്‍ എക്സ്ക്ലുസീവ് സ്റ്റുഡിയോ തളിപ്പറമ്പ് മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് കെ.എസ്. റിയാസും ഉദ്ഘാടനം ചെയ്തു.
കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്പറേഷന് ഡയറക്ടര്‍ കെ.സി. സോമന് നമ്പ്യാര്‍ ആദ്യ വില്പന നടത്തി. ടൈല്‍സ്, ഗ്രാനൈറ്റ്, മാര്‍ബിള്‍സ്, പ്ലംബിംഗ്, ബാത്ത് വെയര്‍ തുടങ്ങിയ വിവിധ നിര്‍മാണ ആവശ്യങ്ങള്‍ക്കായുള്ള ഉയര്‍ന്ന നിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ ഇവിടെ ലഭ്യമാകും. കജാരിയ, ജാഗ്വര്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ എക്സ്ക്ലൂസീവ് സ്റ്റുഡിയോകളും പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. തളിപ്പറമ്പിന് പുറമേ കൂത്തുപറമ്പ്, ശ്രീകണ്ഠപുരം എന്നിവിടങ്ങളിലും കോണ്സ്റ്റോണ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
District News
തളിപ്പറമ്പ്: കുന്നരുവിലെ സിപിഎം-ഡിവൈഎഫ്ഐ പ്രവര്ത്തകന് സി.വി.ധനരാജ് വധക്കേസില്‍ ഇന്നലെ മുതല്‍ വീണ്ടും വിചാരണ ആരംഭിച്ചു. തളിപ്പറമ്പ് അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍. പ്രശാന്ത് മുന്‍പാകെയാണ് നാലുദിവസത്തെ വിചാരണ തുടങ്ങിയത്.
കേസന്വേഷണത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചുള്ള പ്രതിഭാഗം അഭിഭാഷകരുടെ ക്രോസ് വിസ്താരമാണ് ഇന്നലെ മുതല്‍ നടക്കുന്നത്. ധനരാജ് കൊല്ലപ്പെട്ട ദിവസം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത അന്നത്തെ പയ്യന്നൂര്‍ എസ്ഐ എ.വി. ദിനേശനെയും പ്രതികളുടെ തിരിച്ചറിയല്‍ പരേഡിന് നേതൃത്വം നല്കിയ അന്നത്തെ കണ്ണൂര്‍ മജിസ്ട്രേട്ടും ഇപ്പോള്‍ എറണാകുളം ജില്ലാ കോടതി ജഡ്ജിയുമായ ആന്റണിയെയുമാണ് ഇന്നലെ വിസ്തരിച്ചത്. അന്വേഷണത്തിന് നേതൃത്വം നല്കിയ ഡിവൈഎസ്പിമാരായ എം.പി.ആസാദ്, രമേശന് എന്നിവരെ ഇന്നുമുതലുള്ള ദിവസങ്ങളില്‍ ക്രോസ് വിസ്താരം നടത്തും. 2016 ജൂലൈ 11ന് രാത്രി ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ധനരാജിനെ പിന്തുടര്ന്നെത്തിയ ഒരു സംഘം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. നിലവില്‍ 19 പ്രതികളാണ് കേസിലുള്ളത്.
District News
ഇരിട്ടി: ഇരിട്ടിയിൽ സ്വകാര്യ ബസ് തൊഴിലാളി വയോധികനായ വഴിയാത്രക്കാരനെ മർദിച്ചു. റോഡ് മുറിച്ചു കിടക്കുന്നതിനിടയിൽ അമിത വേഗതയിൽ വന്ന സ്വകാര്യ ബസ് യാത്രക്കാരനെ ഇടിക്കാതെ വെട്ടിച്ച് മാറ്റിയശേഷമായിരുന്നു ആക്രമണം. ബസിന്റെ പിന്നിലെ ഡോറിൽ കൂടെ ഇറങ്ങിയ തൊഴിലാളിയാണ് കൊളക്കാട് ഉന്നതിയിലെ താമസക്കാരനായ വയോധികനെ മർദിച്ചത്.
ഇരിട്ടി ഗുഡ്സ് ഓട്ടോറിക്ഷ സ്റ്റാൻഡിനു സമീപം ഇന്നലെ രാവിലെയായിരുന്നു സംഭവം. ചോദ്യം ചെയ്ത നാട്ടുകാർ ഉൾപ്പെടെയുള്ളവരോട് ബസ് ജീവനക്കാർ തട്ടിക്കയറിയെന്നാണ് നാട്ടുകാർ പറയുന്നത്. വയോധികനെ മർദിച്ചശേഷം ഡ്രൈവർ വാഹനം ഓടിച്ചു പോകുകയായിരുന്നു.
അക്രമം നടത്തിയ ബസ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബസ് ജീവനക്കാരൻ വയോധികനെ അക്രമിക്കുന്നത് സമീപത്തെ വ്യാപാര സ്ഥാപനത്തിന്റെ സിസിടിവിയിൽ പതിഞ്ഞിരുന്നു. നാട്ടുകാർ പരാതിപ്പെട്ടതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി വയോധികന് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി.
District News
കേളകം: കേളകം മുതൽ മഞ്ഞളാംപുറം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും രൂപപ്പെട്ട വലിയ കുഴികളും അപകടകരമായ കട്ടിംഗുകളും കാരണം കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ഒരുപോലെ ദുരിതം അനുഭവിക്കുന്നു. റോഡിന്റെ പല ഭാഗങ്ങളിലും വശങ്ങൾ ഇടിഞ്ഞുതാഴ്ന്ന നിലയിലായതിനാൽ യാത്ര അതീവ അപകടകരമായിരിക്കുകയാണ്.
ജലനിധിയുടെ പൈപ്പ് ഇടുന്നതിനായി കുഴിച്ച കുഴികൾ ശരിയായ രീതിയിൽ മൂടാത്തതും ഇതുവഴി മഴവെള്ളം കുത്തിയൊലിച്ച് ഒഴുകിയതുമാണ് ഇത്തരത്തിൽ കുഴികൾ രൂപപ്പെടാൻ കാരണം. റോഡിലൂടെ ദിവസേന സ്കൂൾ വിദ്യാർഥികളും തൊഴിലാളികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് സഞ്ചരിക്കുന്നത്. എന്നാൽ, റോഡിന്റെ അരികുകളിലെ ആഴത്തിലുള്ള കുഴികൾ മൂലം വാഹനങ്ങൾക്ക് സുരക്ഷിതമായി സൈഡ് നൽകാൻപോലും കഴിയാത്ത സ്ഥിതിയാണ്.
എതിർദിശയിൽ വരുന്ന വാഹനങ്ങൾക്ക് വഴിമാറുന്നതിനിടെ അപകടസാധ്യതയും വർധിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ പ്രശ്നം കൂടുതൽ രൂക്ഷമാകുകയാണ്. ഇരുചക്ര വാഹനയാത്രക്കാർ ഭീതിയോടെയാണ് ഇതുവഴി യാത്ര ചെയ്യുന്നത്. മഴക്കാലത്ത് കുഴികളിൽ വെള്ളം നിറയുന്നതോടെ അപകട സാധ്യത വീണ്ടും ഉയരുകയാണ്.
നിരവധി തവണ പരാതി നൽകിയിട്ടും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതർ തയാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. റോഡിന്റെ ഇരുവശങ്ങളും സംരക്ഷണഭിത്തിയോ അനുയോജ്യമായ ഫില്ലിംഗോ നടത്തി സുരക്ഷിതമാക്കണമെന്നും കുഴികൾ അടച്ച് ഗതാഗതയോഗ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ സാഹചര്യത്തിന് അടിയന്തര പരിഹാരം കാണാൻ പൊതുമരാമത്ത് വകുപ്പ് ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
District News
മാടത്തിൽ-കീഴ്പ്പള്ളി-കാക്കയങ്ങാട് റോഡ് വികസനം യാഥാർഥ്യമാകുമോ?
ഇരിട്ടി: പേരാവൂരിന്റെ വികസന സ്വപ്നങ്ങളിൽ ഏറെക്കാലത്തെ ആവശ്യമാണ് മാടത്തിൽ- കീഴ്പ്പള്ളി- കാക്കയങ്ങാട് റോഡ്. പായം, ആറളം, മുഴക്കുന്ന് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഈ റോഡിന് മലയോരത്തിന്റെ വികസനത്തിന് ഏറെ തന്ത്രപ്രധാനമായ സ്ഥാനമാണുള്ളത് .
കുടിയേറ്റ കാലഘട്ടം മുതലുള്ള പതിറ്റാണ്ടുകളോളം പഴക്കംചെന്ന റോഡുകൾ ആയിരക്കണക്കിന് കുടുംബങ്ങളുടെ പ്രധാന സഞ്ചാരമാർഗം കൂടിയാണ്. മേഖലയിലെ ഗ്രാമീണ റോഡുകൾ പോലും മെക്കാഡം നിലവാരത്തിലേക്ക് ഉയർന്നപ്പോൾ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിന്റെ വികസനം മാത്രം മരീചികയായി മാറുകയായിരുന്നു. പത്ത് വർഷമായി റോഡ് വികസനത്തിനായി നടത്തുന്ന ശ്രമം ഫലം കണ്ടില്ല. ഇന്ധന സെസിലൂടെ സംസ്ഥാന സർക്കാറിന് കിട്ടേണ്ട വിഹിതം ഉപയോഗിച്ച് വർഷങ്ങൾക്ക് മുൻമ്പ് നവീകരിച്ചതാണ് റോഡ്.
ഇരിട്ടി-വീരാജ്പേട്ട അന്തർ സംസ്ഥാന പാതയുടെ ഭാഗമായ മാടത്തിൽ ടൗണിൽ നിന്നും ആരംഭിക്കുന്ന റോഡ് മാടത്തിൽ, എടൂർ, കീഴ്പ്പള്ളി , വെളിമാനം ടൗണുകളും ആറളം ആദിവാസി പുരധിവാസ മേഖലയിലൂടെ കടന്ന് ആറളം ഫാമിനെയും ബന്ധിപ്പിച്ച് കാക്കയങ്ങാടാണ് എത്തുന്നത്.
ഹയർസെക്കൻഡറി സ്കൂൾ, നിരവധി എൽപി, യുപി വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ എന്നിവ ആശ്രയിക്കുന്ന മലയോരത്തെ ആദ്യകാല റോഡുകൂടിയാണിത്. നിരവധി കുടിയേറ്റ കർഷകർ തിങ്ങി പാർക്കുന്ന മേഖലയിലൂടെ കടന്നുപോകുന്ന റോഡിന് കാര്യമായ പരിഗണന ഇതുവരെ ലഭിച്ചിട്ടില്ല.
സംസ്ഥാന സർക്കിറിന്റെ പുതുക്കിയ ബജറ്റിൽ ഈ റോഡ് ഉൾപ്പെടുന്നമെന്ന വിശ്വാസത്തിലാണ് മലയോര ജനത. കഴിഞ്ഞ വർഷങ്ങളിലെല്ലാം ഇരിട്ടി താലൂക്ക് ആസ്ഥാനത്തേക്കുള്ള പ്രധാന റോഡെന്ന പരിഗണനയിൽ ബജറ്റിൽ ഉൾപ്പെടുന്നതിന് സണ്ണി ജോസഫ് എംഎൽഎ ആദ്യ പരിഗണന നൽകിയിരുന്നത് മാടത്തിൽ-കീഴ്പ്പള്ളി റോഡിനായിരുന്നു. എന്നാൽ, തുടർച്ചയായി വർഷങ്ങളിൽ അവഗണന നേരിടുകയായിരുന്നു. പുതുക്കിയ ബജറ്റ് എന്ന നിലയിൽ വലിയ പ്രതീക്ഷയില്ലെന്നാണ് മന്ത്രിയോട് അടുത്ത വ്യത്തങ്ങൾ പറയുന്നത്.
പേരാവൂർ നിയോജകമണ്ഡലത്തിൽ താലൂക്ക് ആസ്ഥാനത്തേക്കുള്ള മൂന്ന് പ്രധാന റോഡുകളാണ് അടിയന്തരമായി വകസിപ്പിക്കേണ്ടത്. ഇതിൽ ഇരിട്ടി -പേരാവൂർ റോഡും ഇരിട്ടി- ഉളിക്കൽ-മാട്ടറ റോഡും വീതി കൂട്ടി വികസിപ്പിക്കേണ്ടി കാലം അതിക്രമിച്ചു. പേരാവൂർ -ഇരിട്ടി റോഡിന് അഞ്ചുകോടി രൂപ ചിലവിൽ ഉപരിതല നവീകരണം നടത്തിയെന്നത് അല്പം ആശ്വാസമാണ്.
മനന്തവാടിയിലേക്കും കൊട്ടിയൂരിലേക്കുമുള്ള പ്രധാന പാതയെന്ന നിലയിലുള്ള വികസനം ഈ റോഡിന് ഇനിയും അകലെയാണ്. കാലാകാലം അറ്റകുറ്റപണി നടത്തി തകർന്ന ഭാഗം പുനഃസ്ഥാപിക്കുന്നതിനാൽ ഈ റോഡിന്റെ രൂപം തന്നെ ആകെ മാറിയിരിക്കുകയാണ്. ഇരിട്ടി- ഉളിക്കൽ - മട്ടറ റോഡിന്റെ അവസ്ഥയും ഇതുതന്നെയാണ്.
District News
അടക്കാത്തോട്: അടക്കാത്തോട് മേലെസിറ്റിയിൽ മൊബൈൽ ടവറിന് മുകളിൽ കയറി യുവാവ് ആത്മഹത്യാശ്രമം നടത്തി. മുട്ടുമാറ്റി സ്വദേശി കല്ലോലിക്കൽ വിജയനാണ് ഇന്നലെ രാവിലെ 11.30 ഓടെ ടവറിന് മുകളിൽ കയറി ആത്മഹത്യാശ്രമം നടത്തിയത്.
സംഭവമറിഞ്ഞ് പൊലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എന്നിവർ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഏറെ നേരം നീണ്ട അനുനയ ശ്രമങ്ങൾക്കൊടുവിൽ വിജയനെ സുരക്ഷിതമായി താഴെയിറക്കാൻ അധികൃതർക്ക് സാധിച്ചു.
തുടർന്ന് യുവാവിനെ പൊലീസിന്റെ സംരക്ഷണത്തിൽ ഏൽപിച്ചു. ഇയാൾ മാനസിക അസ്വസ്ഥതകൾ നേരിടുന്ന വ്യക്തിയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
District News
കണ്ണൂർ: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയായ ‘ഓണത്തിന് ഒരു കൊട്ടപ്പൂവ്'പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലി തൈകളുടെ ജില്ലാതല വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 16 ലക്ഷം രൂപ ചെലവഴിച്ചാണ് 2.5 ലക്ഷം തൈകൾ തയാറാക്കിയിട്ടുള്ളത്. 52 ഗ്രാമ പഞ്ചായത്തുകളിലെ 260 വനിത ഗ്രൂപ്പുകളെയാണ് ഈ വർഷം പൂ കൃഷിക്കായി തെരഞ്ഞെടുത്തിത്. പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി മോഹൻ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ. പ്രദീപൻ, പി. രവീന്ദ്രൻ, ബോബി എണ്ണച്ചേരിൽ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ സീമ സഹദേവൻ, പഞ്ചായത്ത് മെംബർമാർ തുടങ്ങിയവർ പ്രസംഗിച്ചു.
District News
ഇരിട്ടി: ഇരിട്ടി ലയണ്‍ റോയല്‍സ് ക്ലബ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ പ്രഫ.വർഗീസ് വൈദ്യന് ഉദ്ഘാടനം ചെയ്തു. എ.കെ. ഹസ്സന് അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് കാബിനറ്റ് അംഗങ്ങളായ കെ. സുരേഷ് ബാബു, ഡോ.ജി. ശിവരാമകൃഷ്ണന്, ടി.പി. രവീന്ദ്രന്, തോമസ് സി. ജോണ്‍, ഗൈഡിംഗ് ലയണ്‍ അഡ്വ.പി.കെ. ആന്റണി, വി.എസ്.ജയന്, സെക്രട്ടറി അനൂപ് ആളോറ, ജിമ്മി മാത്യു എന്നിവര്‍ പ്രസംഗിച്ചു . കുന്നംകുളം പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ സംസ്ഥാനതല മാധ്യമ പുരസ്കാര ജേതാവ് ഉന്മേഷ് പായത്തെ ആദരിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ പാര്‍വണേന്തു പ്രകാശന്, ശ്രീനന്ദ് എന്നിവര്‍ക്ക് പുരസ്കാരം നല്കി. നന്മ ലൈബ്രറിക്കു പുസ്തകങ്ങളും കൈമാറി.
ഭാരവാഹികള്‍: വി.എസ്.ജയന്- പ്രസിഡന്റ്, പി.സി. അനില്‍കുമാര്‍, അനൂപ് അളോറ-സെക്രട്ടറി, ജോയ് പടിയൂര്‍-വൈസ് പ്രസിഡന്റ്, ബിനോജ്- ജോയിന്റ് സെക്രട്ടറി , ബിപിന്‍ വിജയന്- ട്രഷറർ.
District News
തളിപ്പറമ്പ്: കാര്യന്പലം ആടിക്കുംപാറയിൽ വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. സെന്‍ട്രാ സെന്റർ എന്ന സ്ഥാപനത്തിന്റെ ഗോഡൗണിലാണ് ഇന്നലെ വൈകുന്നേരം നാലോടെ തീപിടിത്തമുണ്ടായത്. ഇറക്കുമതി ചെയ്ത ഫർണിച്ചറുകൾ, ബാഗുകൾ എന്നിവ സൂക്ഷിച്ച ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.
തളിപ്പറന്പ് അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ ടി.കെ. നിതീഷ്, അസി. സ്റ്റേഷൻ ഓഫീസർ കെ.ഹരിനാരായണൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ രണ്ടു യൂണിറ്റ് അഗ്നിരക്ഷാ സേനാംഗങ്ങൾ ഏറെ പരിശ്രമിച്ചാണ് തീയണച്ചത്.
സീനിയര്‍ ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫീസര്‍ ഇന്‍ ചാര്‍ജ് പി.വി.ഗിരീഷ്, ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫീസര്‍മാരായ എം.ജി.വിനോദ് കുമാര്‍, വൈശാഖ് പ്രകാശന്, പി.വിപിന്‍, കെ.ധനേഷ്, എ. സിനീഷ്, കെ.വി.മഹേഷ്, എം.എസ്.വൈഷ്ണവ്, അക്ഷയ് ബാലകൃഷ്ണന്, അക്ഷയ് പ്രകാശന്, കെ.കെ.അക്ഷയ്, കെ.വി.ഹരികുമാര്‍, വിഷ്ണു.പി രമേഷ്, വി.അമല്‍, ഹോംഗാര്‍ഡ്മാരായ പുരുഷോത്തമന്, കെ.ലക്ഷ്മണന് എന്നിവരും തീയണയ്ക്കുന്ന സംഘത്തിലുണ്ടായിരുന്നു.
മർച്ചന്റ്സ് അസോസിയേഷൻ പ്രവർത്തകർ, യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡുകൾ, നാട്ടുകാർ എന്നിവരും പങ്കാളികളായി. ലത്തീഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗൺ കെട്ടിടം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തമുണ്ടായ ഉടൻ വ്യാപാരി നേതാവ് കെ.എസ്. റിയാസിന്റെ നേതൃത്വത്തിലുള്ള വ്യാപാരികളും സ്ഥലത്തെത്തിയിരുന്നു.
District News
ചെറുപുഴ: കാട്ടാനകൾ തകർത്തും കാടുകൾ വളർന്നും തകർന്ന സോളാർ വേലികൾ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രവർത്തനക്ഷമമാക്കി. ചെറുപുഴ പഞ്ചായത്തിലെ അഞ്ച്, എട്ട് വാർഡുകളിൽപ്പെട്ട മീന്തുള്ളി അമ്പിളിപ്പാലം ഭാഗത്തെ ഒരു കിലോമീറ്ററോളം ഭാഗത്തെ സോളാർ വേലിയാണ് നാട്ടുകാരുടേയും പഞ്ചായത്തംഗം വിജി കെ.ജോൺ, ഫോറസ്റ്റ് ബീറ്റ് ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിൽ താത്കാലികമായി പ്രവർത്തനക്ഷമമാക്കിയത്.
കർണാടക ഫോറസ്റ്റിൽ നിന്നുമാണ് സോളാർ വേലിയും കടന്ന് കാട്ടാനകൾ കൃഷിയിടത്തിൽ എത്തുന്നത്. പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പട്ട് പ്രദേശവാസികൾ അധികൃതർക്ക് നിരവധി പരാതികൾ നൽകിയിരുന്നു.
എനർജൈസർ ഉൾപ്പെടെയുള്ള സംവിധാധനങ്ങൾ തകരാറിലായിരുന്നു. സോളാർ വേലിയിൽ മൂടിക്കിടന്ന കാടുകൾ വെട്ടിമാറ്റിയും എനർജൈസറിന് പകരം താത്കാലിക സംവിധാനമൊരുക്കിയുമാണ് സോളാർ വേലി താത്കാലികമായി പ്രവർത്തനക്ഷമമാക്കിയിരിക്കുന്നത്. പുതിയ എനർജൈസർ സ്വന്തം നിലയിൽ വാങ്ങുവാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.
പഞ്ചായത്തംഗം വിജി കെ.ജോൺ, തങ്കച്ചൻ കണിയാംപറമ്പിൽ, തോമസുകുട്ടി തവരക്കാട്ട്, സനൽ പടിയാനിക്കൽ, ജോസ് ആനകുത്തിയിൽ, എൻ.വി. കൃഷ്ണൻ, കെ.എസ്. മാത്യു, കുഞ്ഞികൃഷ്ണൻ, ടോമി പുത്തൻപുര, അജയൻ മണ്ണുതറപ്പേൽ, ഫോറസ്റ്റ് ബീറ്റ് ഓഫീസർമാരായ ജിജേഷ്, സൗമ്യ, രജനീഷ്, ശ്രീകുമാർ, സാജൻ, സാബു എന്നിവർ നേതൃത്വം നൽകി.
District News
ചെമ്പേരി: ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ഹിൽ ഹൈവേയിൽ പൈപ്പിടുന്നതിനായി റോഡ് കുത്തിപ്പൊളിച്ച ശേഷം കരാർ വ്യവസ്ഥകൾ പ്രകാരം ടാറിംഗ് നടത്തി പൂർവസ്ഥിതിയിലാക്കാതെ മെറ്റൽ മാത്രം വിരിച്ച നിലയിൽ ഉപേക്ഷിച്ചതിനെ തുടർന്ന് അപകടങ്ങൾ തുടർക്കഥയാകുന്നു.
ഇന്ന് പയ്യാവൂർ സ്റ്റാച്യു ജംഗ്ഷനിൽ ബൈക്ക് യാത്രികൻ റോഡിൽ ഇളകിക്കിടന്ന മെറ്റലിൽ തെന്നി വീണു. തിരക്കേറിയ സമയമായിരുന്നെങ്കിലും എതിർദിശയിൽ വാഹനങ്ങൾ വരാതിരുന്നതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു.
മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് റോഡ് ടാറിംഗ് നടത്തി പൂർണമായും ഗതാഗതയോഗ്യമാക്കുമെന്ന് പ്രദേശവാസികളെയും വ്യാപാരികളെയും വിശ്വസിപ്പിച്ച ശേഷമാണ് പൈപ്പിടൽ പ്രവൃത്തി പൂർത്തിയാക്കിയത്. എന്നാൽ, പിന്നീട് അല്പം മെറ്റൽ മാത്രം വിരിച്ച് കരാറുകാരൻ പിന്മാറിയതായി പ്രദേശവാസികൾ ആരോപിക്കുന്നു.
ഈ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ചെമ്പേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജനകീയ സമിതിയുടെ നേതൃത്വത്തിൽ ദുരന്തനിവാരണ അതോറിറ്റിയുടെ കണ്ണൂർ ജില്ലാ ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ, തളിപ്പറമ്പ് ആർഡിഒ, തളിപ്പറമ്പ് തഹസിൽദാർ എന്നിവർക്ക് തെളിവുകൾ സഹിതം ദിവസങ്ങൾക്കുമുമ്പ് പരാതി നൽകിയിരുന്നു.
മഴ ശക്തമാകുന്നതോടെ സമാന അപകടങ്ങൾ വർധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. സ്വതവേ വീതി കുറഞ്ഞ ചെമ്പേരി ടൗൺ ഭാഗത്ത് പൈപ്പിടലിനായി റോഡ് കുത്തിപ്പൊളിച്ചതോടെ യാത്രാദുരിതവും ഗതാഗതപ്രശ്നങ്ങളും രൂക്ഷമായിരിക്കുകയാണ്. ഹിൽ ഹൈവേ കടന്നുപോകുന്ന ഈ ഭാഗത്ത് നിലവിൽ ഏകദേശം ഏഴ് അടിയിൽ താഴെ മാത്രമാണ് ഉപയോഗയോഗ്യമായ റോഡ് വീതിയുള്ളത്.
മണ്ണിട്ട് മൂടി മെറ്റൽ നിറച്ച ഭാഗങ്ങളിലൂടെ ഭാരവാഹനങ്ങൾ കടന്നുപോകുന്നത് ഒഴിവാക്കുന്നതും, റോഡരികിൽ അനധികൃത പാർക്കിംഗ് തുടരുന്നതും ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കുടിയാന്മല പോലീസിന്റെയും ഏരുവേശി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ‘നോ പാർക്കിംഗ്' ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മതിയായ നിരീക്ഷണ സംവിധാനങ്ങളുടെ അഭാവത്തിൽ നിയമലംഘനങ്ങൾ തുടരുകയാണ്. ഇളകിക്കിടക്കുന്ന മെറ്റൽ കഷണങ്ങൾ വാഹനങ്ങൾ കടന്നുപോകുന്പോൾ തെറിച്ച് സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രികർക്ക് അപകടഭീഷണിയും സൃഷ്ടിക്കുന്നുണ്ട്.
റോഡ് അടിയന്തരമായി ടാറിംഗ് നടത്തി പൂർവസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും ജനകീയ സമിതിയും ശക്തമായ പ്രതിഷേധ പരിപാടികൾക്ക് ഒരുങ്ങുകയാണ്.
District News
കണ്ണൂർ: കണ്ണൂർ നഗരത്തിലെ വ്യാപാര സ്ഥാപനത്തിലും ഓഫീസിലും മോഷണം നടത്തി രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ ഉടമയും പരിസരത്തുണ്ടായിരുന്നവരും കൈയോടെ പിടികൂടി പോലീസിലേൽപ്പിച്ചു. കണ്ണൂർ താണയിലെ റോയൽ ഓക് ബിൽഡിംഗിലെ ജി-കൺസെപ്റ്റ് എന്ന ഗ്ലാസ് ഫാബ്രിക്കേഷൻ സ്ഥാപനത്തിൽ കവർച്ച നടത്തിയ മഹാരാഷ്ട്ര താനെ അമർനാഥ് പത് വാഡി മഹാത്മ പുലൈ നഗർ സ്വദേശി സാലിം സിക്കന്തർ ഷേഖാണ് (60) പിടിയിലായത്.
വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ എസ്ഐ ടി.എം. വിപിനും സംഘവും അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് മേശയിൽ സൂക്ഷിച്ചിരുന്ന 61,000 രൂപ കവർന്ന ശേഷം തൊട്ടടുത്ത ഓഫീസിൽ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഇയാളുടെ പേരിൽ എറണാകുളം ജില്ലയിലും കവർച്ച കേസുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
District News
പയ്യന്നൂര്‍: കണ്ണിന് കാന്‍സര്‍ ബാധിച്ച് എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കാനായി സെന്ററിലെ ചിത്രകാരന് മനോജ് മാത്രാടന്റെ ഭാര്യ കെ. ദീപികയുടെ ചികിത്സയ്ക്കായി നാട്ടുകാര്‍ രൂപീകരിച്ച ചികിത്സാ സഹായ കമ്മിറ്റി സുമനസുകളുടെ സഹായം തേടുന്നു. ചികിത്സയ്ക്കായി ഇതിനോടകം തന്നെ വലിയൊരു തുക ചെലവായിട്ടുണ്ട്. തുടര്‍ ചികിത്സയ്ക്കായി ചെലവു വരുന്ന വന്‍ സാമ്പത്തിക ബാധ്യത ഇവരുടെ കുടുംബത്തിന് താങ്ങാനാവില്ല എന്നുറപ്പായപ്പോഴാണ് വാര്‍ഡ് കൗണ്‍സിലര്‍ പി. സുരേഷ് ചെയര്‍മാനായും എം.വി. രാമകൃഷ്ണന് കണ്‍വീനറായും ദീപിക ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്.
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് കടന്നപ്പള്ളി ബ്രാഞ്ചില്‍ തുടങ്ങിയിട്ടുള്ള ദീപിക ചികിത്സാ സഹായ കമ്മിറ്റിയുടെ പേരിലുള്ള A/C No: 357401000008007, IFSC: IOBA0003574, UPI ID: PPQR01.LADCTR@iob എന്ന അക്കൗണ്ടിലേക്ക് സംഭാവനകള്‍ അയയ്ക്കാം.
District News
കരുവഞ്ചാൽ: നടുവിൽ പഞ്ചായത്തിലെ ഹണിഹൗസ് താഴത്തങ്ങാടി റോഡ് ആനക്കുഴി ബ്രദേഴ്സ് ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇരുവശത്തുമുള്ള കാടുകൾ വെട്ടിത്തെളിച്ച് യാത്ര കൂടുതൽ സുഗമമാക്കി.
കഴിഞ്ഞ 10 വർഷമായി ആനക്കുഴി ബ്രദേഴ്സ് ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പ്രസ്തുത റോഡ് ശുചീകരണം നടത്തുന്നത്. ജോജോ പുളിയൻമാക്കൽ, സാബു പള്ളിത്തറ, ബിജോയ് പുത്തൻപുര എന്നിവർ നേതൃത്വം നൽകി.
District News
ചപ്പാരപ്പടവ്: എരുവാട്ടിയിൽ അനധികൃത കരിങ്കൽ ക്വാറി ആരംഭിക്കുവാനുള്ള നീക്കത്തിനെതിരേ ചപ്പാരപ്പടവ് പഞ്ചായത്ത് ഓഫീസിലേക്ക് മുന്നൂർകുളം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ചും ധർണയും സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.
ചപ്പാരപ്പടവ് ടൗണിൽനിന്നും ആരംഭിച്ച മാർച്ചിനേത്തുടർന്ന് നടത്തിയ ധർണ പരിസ്ഥിതി പ്രവർത്തകൻ നോബിൾ പൈകട ഉദ്ഘാടനം ചെയ്തു. ജോസഫ് ഉഴുന്നുപാറ അധ്യക്ഷത വഹിച്ചു. പി.കെ. ഉനൈസ്, മുകുന്ദൻ, ഡോ. അഫിൽ മൈലാടൂർ, ക്ലീറ്റസ് ജോസ്, രാജേഷ് മാത്യു, സാനിച്ചൻ മാത്യു, ഷമീം, നോവിച്ചൻ മാത്യു എന്നിവർ പ്രസംഗിച്ചു.
District News
ചെമ്പേരി: റോട്ടറി ക്ലബ് ചെമ്പേരിയുടെ 2026 -27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ചെമ്പേരി മെഡോസ് പാർക്കിൽ ഡിസ്ട്രിക്ട് ഗവർണർ ഇലക്ട് ദീപക് കുമാർ കോറോത്ത് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് അസിസ്റ്റന്റ് ഗവർണർ ജയചന്ദ്രൻ പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ജോയിച്ചൻ പുളിക്കൽ, ജോജു പൗവത്ത്, സജി തയ്യിൽ എന്നിവർ പുതിയ അംഗങ്ങളായി ചേർന്നു. ചെമ്പേരി റോട്ടറി ക്ലബ് പ്രസിഡന്റ് ജിജി കടുവതൂക്കിൽ അധ്യക്ഷത വഹിച്ചു. ജിജി ആർ മാർട്ടിൻ കോട്ടയിൽ, സെക്രട്ടറി ഷൈജു കുടിയിരുപ്പിൽ, സിബി പുന്നക്കുഴിയിൽ, സുനിൽ പീറ്റർ കണ്ടത്തിൽ, ബോബിൻ അപ്പോളോ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി പ്രഫ. വാസുദേവൻ നായർ -പ്രസിഡന്റ്, ബെന്നി മടുക്കക്കുഴിയിൽ - സെക്രട്ടറി, ഷാജു വടക്കേൽ -ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
District News
കാസര്‍ഗോഡ്: കെഎസ്ആര്‍ടിസി ബസുകളില്‍ വനിതകള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കുന്ന പ്രിയദര്‍ശിനി പദ്ധതിക്ക് ജില്ലയില്‍ പ്രൗഢോജ്വല തുടക്കം. വിവിധ മണ്ഡലങ്ങളില്‍ എംഎല്‍എമാരും ജനപ്രതിനിധികളും ആദ്യ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
കാസര്‍ഗോഡ് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നടന്ന ചടങ്ങ് കല്ലട്ര മാഹിന്‍ എംഎല്‍എ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലീം അധ്യക്ഷത വഹിച്ചു. എടിഒ കെ. പ്രിയേഷ്കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, മുന്‍മന്ത്രി സി.ടി. അഹമ്മദലി, രാഷട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.കെ. ഫൈസല്‍, വി.കെ. രവീന്ദ്രന്, ഹരീഷ് ബി. നമ്പ്യാര്‍, എ. ഗോവിന്ദന് നായര്‍, മാഹിന്‍ കേളോട്ട്, മിനി ചന്ദ്രന്, ടി.വി. ഉമേശന്, എഡിഇ എ.വി. അശോകന് എന്നിവര്‍ പ്രസംഗിച്ചു.
മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ ഉപ്പള ബസ്സ്റ്റാന്‍ഡില്‍ എ.കെ.എം. അഷറഫ് എംഎല്‍എ ആദ്യയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
ഉദുമ നിയോജക മണ്ഡലത്തില്‍ ഉദുമ ടൗണില്‍ കെ. നീലകണ്ഠന് എംഎല്‍എ ആദ്യ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ അബ്ദുള്ള, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു സുതന്, കെഎസ്ആര്‍ടിസി ജനറല്‍ കണ്ട്രോളിംഗ് ഓഫീസര്‍ എം.കെ. സജിത്കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.ബി.എം. ഷെരീഫ്, പ്രഭാകരന് തെക്കേക്കര, ഹക്കീം കുന്നില്‍, സി. രാജന് പെരിയ, എം. കുഞ്ഞമ്പു നമ്പ്യാർ, കെ. വിഭക്തവത്സലന്, ശ്രീധരന് വയലില്‍, എം.എച്ച്. മുഹമ്മദ്കുഞ്ഞി, സിദ്ദിഖ് പള്ളിപ്പുഴ, പി.വി. ഉദയകുമാര്‍, ധന്യ സുരേഷ്, ഗീത കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
കാഞ്ഞങ്ങാട് മണ്ഡലത്തില്‍ കാഞ്ഞങ്ങാട് സബ് ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ നഗരസഭ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എം.പി. ജാഫര്‍ ആദ്യ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പി.വി. ചന്ദ്രന് അധ്യക്ഷത വഹിച്ചു. ഗോപാലകൃഷ്ണ കമ്മത്ത്, സത്യനാഥന്, ബി.പി. പ്രദീപ്കുമാര്‍, പി.കെ. രഘുനാഥ്, ലക്ഷ്മണന്, അബ്ദുള്ള എന്നിവര്‍ പങ്കെടുത്തു. അസി. ഡിപ്പോ എന്‍ജിനിയര്‍ എ. ദാമോദരരന്‍ സ്വാഗതം പറഞ്ഞു.
തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ചിറ്റാരിക്കാലില്‍ ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി ആദ്യ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി, കെഎസ്ആര്‍ടിസി ജനറല്‍ കോണ്‍ട്രോളിംഗ് ഇന്‍സ്പെക്ടര്‍ പി.പി. ഉത്തമന്, ഇന്‍സ്പെക്ടര്‍ എം.വി. പുരുഷോത്തമന്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടോമി പ്ലാച്ചേരി, പി. ശ്രീനിവാസന് എന്നിവര്‍ പ്രസംഗിച്ചു.
District News
കരിന്തളം: വീട്ടിലേക്ക് കല്ലെറിയുകയും വീടിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തതായും പരാതി.
കാട്ടിപ്പൊയില്‍ മേലാഞ്ചേരിയിലെ എം.പി. ഷാജിയുടെ വീട്ടിലേക്കാണ് അജ്ഞാതര്‍ കല്ലെറിയുകയും റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തത്.
ഞായറാഴ്ച രാത്രി 10.15നും 10.45നും ഇടയിലുള്ള സമയത്താണ് ആക്രമണം നടന്നതെന്ന് ഷാജി നീലേശ്വരം പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. കാട്ടിപ്പൊയില്‍ പള്ളത്ത് ഫര്‍ണിച്ചര്‍ വര്‍ക്ക് ഷോപ്പ് നടത്തുകയാണ് ഷാജി.
ആരുമായും പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നും ഇദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ പ്രതികളെ കുറിച്ചുള്ള യാതൊരു സൂചനയുമില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ നീലേശ്വരം എസ്ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രാഥമിക അന്വേഷണം നടത്തി. പ്രദേശത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചെങ്കിലും ഒന്നും തന്നെ പ്രവര്ത്തിക്കുന്നവയല്ലെന്ന് പോലീസ് പറഞ്ഞു.
District News
വെള്ളരിക്കുണ്ട്: ബളാൽ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചക്ക ഫെസ്റ്റ് പഞ്ചായത്ത് പ്രസിഡന്റ് എ. ലത ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ മേരി ബാബു അധ്യക്ഷയായി.
പഞ്ചായത്തംഗങ്ങളായ മിനി മാത്യു, ഷാജൻ പൈങ്ങോട്ട്, സി.വി. ശ്രീധരൻ, അസി. സെക്രട്ടറി എ. മധു, വാസന്തി, ശ്രീവിദ്യ, ഷൈജ, മനീഷ് എന്നിവർ പങ്കെടുത്തു. ചക്ക കൊണ്ടുള്ള 200ലധികം വിഭവങ്ങൾ പ്രദർശനത്തിൽ ഒരുക്കി.
District News
പാലാവയൽ: സീനിയേഴ്സ് സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷൻ പാലക്കാട് സംഘടിപ്പിച്ച പ്രഥമ സംസ്ഥാന സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ വാരിക്കൂട്ടി ഈസ്റ്റ് എളേരിയിലെ കായികതാരങ്ങൾ. 60 വയസിന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ പങ്കെടുത്ത പാലാവയൽ സ്വദേരിയും മഴവിൽ സ്റ്റുഡിയോ ഉടമയുമായ റോയി പാമ്പക്കൽ ഹൈജംപ്, ജാവലിൻ ത്രോ എന്നിവയൽ സ്വർണവും ഷോട്ട്പുട്ടിൽ വെങ്കലവും കരസ്ഥമാക്കി.
70 വയസിന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ മത്സരിച്ച പാലാവയൽ മലാംകടവ് സ്വദേശിയും റിട്ട. പോലീസ് ഉദ്യോഗസ്ഥനുമായ ആന്റണി കാരിക്കക്കുന്നേൽ ഹൈജംപ്, ട്രിപ്പിൾജംപ് എന്നിവയിൽ സ്വർണവും ഡിസ്കസ് ത്രോയിൽ വെള്ളിയും കരസ്ഥമാക്കി.
70 വയസിനു മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ പങ്കെടുത്ത ചിറ്റാരിക്കാൽ സ്വദേശിയും റിട്ട. മുഖ്യാധ്യാപകനുമായ പി.എം. ഏബ്രഹാം പുളിക്കപ്പടവിൽ ഷോട്ട്പുട്ട്, ജാവലിൻത്രോ എന്നിവയിൽ സ്വർണവും ഡിസ്കസ് ത്രോയിൽ വെങ്കലവും നേടി.
ഇവരുടെ പ്രകടനമികവിൽ പുരുഷ വിഭാഗത്തിൽ 238 പോയിന്റ് നേടിയ കാസർഗോഡ് ജേതാക്കളായി.
District News
പനത്തടി: കർഷക കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റും അഭിഭക്ത പനത്തടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമായിരുന്ന കെ. പുഷ്പാകരൻ നായരുടെ 16-ാം ചരമവാർഷിക ദിനത്തിൽ പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി.
കോളിച്ചാലിൽ നടന്ന പരിപാടി ഡിസിസി ജനറൽ സെക്രട്ടറി പി.വി. സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. ജയകുമാർ അധ്യക്ഷത വഹിച്ചു. ബളാൽ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് മധുസൂദനൻ ബാലൂർ, എച്ച്. വിഘ്നേശ്വര ഭട്ട്, ടി.കെ. നാരായണൻ, സുപ്രിയ അജിത്ത്, കെ.ജെ. ജയിംസ്, ജോണി തോലംപുഴ, സജി പ്ലാച്ചേരി, എ.കെ. ദിവാകരൻ, എം.കെ. മാധവൻ നായർ, എസ്. മധുസൂദനൻ, കെ.പി. അനന്തകുമാർ എന്നിവർ പ്രസംഗിച്ചു.
District News
പനത്തടി: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പുതുതായി നിർമിച്ച ബാസ്കറ്റ്ബോൾ കോർട്ടിന്റെ ഉദ്ഘാടനം ജില്ലാ ബാസ്കറ്റ്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പി. രഘുനാഥ് നിർവഹിച്ചു.
കായികരംഗത്ത് വിദ്യാർഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും മികച്ച പരിശീലന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി നിർമിച്ച ഈ കോർട്ട് വിദ്യാർഥികൾക്കും കായികപ്രേമികൾക്കും പുതിയ അവസരങ്ങൾ തുറന്നു കൊടുക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രിൻസിപ്പൽ ഫാ. ജോസ് കളത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ ഫാ. രവിചന്ദ്ര, സിഎഫ്ഐസി സെമിനാരി റെക്ടർ ഫാ. ബിബിൻ വെള്ളാരംകല്ലിൽ, സെന്റ് മേരീസ് കോളജ് ചെയർമാൻ ഫാ. അലക്സ് എന്നിവർ പ്രസംഗിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെയും രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂളിന്റെയും ബാസ്കറ്റ്ബോൾ ടീമുകൾ തമ്മിൽ സൗഹൃദ മത്സരം സംഘടിപ്പിച്ചു. ആവേശകരമായ മത്സരത്തിൽ സെന്റ് മേരീസ് സ്കൂൾ വിജയികളായി. ട്രോഫിയും മെഡലുകളും ചുള്ളിക്കര ഡോൺ ബോസ്കോ സെമിനാരി റെക്ടർ ഫാ. സണ്ണിയും അടോട്ടുകയവും സെന്റ് തോമസ് പള്ളി വികാരി ഫാ. ജിന്റോയും ചേർന്ന് വിതരണം ചെയ്തു.
പുതിയ ബാസ്കറ്റ്ബോൾ കോർട്ടിന്റെ ഉദ്ഘാടനം സ്കൂളിന്റെ കായിക വികസന പ്രവർത്തനങ്ങളിൽ ഒരു സുപ്രധാന നാഴികക്കല്ലാണെന്നും വിദ്യാർഥികളുടെ കായിക മുന്നേറ്റത്തിന് ഇത് കൂടുതൽ കരുത്തേകുമെന്നും അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.
District News
കാസര്‍ഗോഡ്: ജില്ല നേരിടുന്ന കടുത്ത ആരോഗ്യമേഖല പ്രതിസന്ധികള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ സമയബന്ധിതമായ പരിഹാരം കാണുമെന്ന് തദ്ദേശ സ്വയംഭരണമന്ത്രി കെ.എം. ഷാജി. മൂവ്മെന്റ് ഫോര്‍ ബെറ്റര്‍ കേരള സൊസൈറ്റി ഭാരവാഹികള്‍ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഹോസ്പിറ്റല്‍ ബ്ലോക്കും സ്റ്റാഫ്/സ്റ്റുഡന്റ്സ് ഹോസ്റ്റലുകളും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുക, അമ്മയും കുഞ്ഞും ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഭാരവഹികൾ പ്രധാനമായും ഉന്നയിച്ചത്. ഭാരവാഹികളായ സാം ജോസ്, ഖാലിദ് കൊളയല്, അബുള്ള ബംഗന, സുധീഷ് ആറാട്ടുകടവ് എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.
District News
വടക്കാഞ്ചേരി: അകമലയിലും സമീപപ്രദേശങ്ങളിലും കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകുമ്പോഴും വനംവകുപ്പ് കാണിക്കുന്ന അനാസ്ഥയ്ക്കെതിരേ ജനരോഷം ശക്തമാകുന്നു. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും നിലവിലുള്ള ജീവനക്കാരെ രാവും പകലും അമിതമായി ജോലിചെയ്യിപ്പിക്കുന്നതുമാണ് വനംവകുപ്പിന്റെ പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. വന്യമൃഗശല്യം തടയാൻ സോളാർ ഫെൻസിംഗ് സ്ഥാപിക്കുക മാത്രമാണ് ഏകമാർഗമെങ്കിലും ഇവ പരിപാലിക്കാൻ നിലവിൽ യാതൊരു സംവിധാനവുമില്ല. 62 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയുള്ള മച്ചാട് വനമേഖലയിൽ കുതിരാൻതുരങ്കം വന്നതോടെയാണ് കാട്ടാനകൾ കൂട്ടത്തോടെ വാഴാനി, മച്ചാട് വനങ്ങളിലേക്ക് ഇറങ്ങാൻ തുടങ്ങിയത്. ഇതോടെ മേഖലയിലെ കർഷകരുടെ ജീവിതം ദുരിതത്തിലായി.
പലയിടങ്ങളിലും കാട്ടാനകൾ മരങ്ങൾ ചവിട്ടിമറിച്ച് സോളാർ ഫെൻസിംഗ് തകർത്താണ് ജനവാസമേഖലകളിലിറങ്ങി കൃഷി നശിപ്പിക്കുന്നത്. രാത്രികാലങ്ങളിൽ ആനകളെ കാട്ടിലേക്ക് തുരത്തുകയും പകൽസമയത്ത് തകർന്ന ഫെൻസിംഗ് പുനഃസ്ഥാപിക്കുകയും ചെയ്യേണ്ടിവരുന്നത് വനംവകുപ്പ് ജീവനക്കാരുടെ മറ്റു ജോലികളെ ബാധിക്കുന്നുണ്ട്.
കാട്ടാനകളെ പ്രതിരോധിക്കാൻ രൂപീകരിച്ച റാപ്പിഡ് റെസ്പോൺസ് ടീമിലേക്ക് നിലവിലുള്ള സ്റ്റാഫുകളെ തന്നെയാണ് നിയോഗിച്ചിട്ടുള്ളത്.മുൻപുണ്ടായിരുന്ന അകമല ഫോറസ്റ്റ് സ്റ്റേഷൻ നിർത്തലാക്കിയത് ഈ മേഖലയിലെ പ്രതിസന്ധികൾക്ക് ആക്കംകൂട്ടിയിട്ടുണ്ട്.
അകമല, മുള്ളൂർക്കര, പാഞ്ഞാൾ, ചേലക്കര പഞ്ചായത്തുകളിലെ വന്യമൃഗശല്യം വർധിക്കാൻ ഇത് കാരണമായി. അകമല സ്റ്റേഷൻ നിർത്തലാക്കിയപ്പോൾ വടക്കാഞ്ചേരി ചെപ്പിലക്കോട് റോഡ് മുതൽ തോന്നൂർക്കര വരെയുള്ള ഭാഗങ്ങൾ വാഴാനി ഫോറസ്റ്റ് സ്റ്റേഷനോടും തോന്നൂർക്കര മുതലുള്ള ഭാഗം എളനാട് സ്റ്റേഷനോടും കൂട്ടിച്ചേർത്തെങ്കിലും പുതിയ തസ്തികകളൊന്നുംഅനുവദിച്ചില്ല.
നിലവിൽ അകമല, മുള്ളൂർക്കര, തോന്നൂർക്കര മേഖലകളിൽ കാട്ടാനകളെ പ്രതിരോധിക്കാൻ വാഴാനിയിലെ ഒരു എസ്എഫ്ഒ, രണ്ട് ബിഎഫ്ഒമാരെയും എളനാട്ടിലെ രണ്ട് ബിഎഫ്ഒമാരെയും ഉൾപ്പെടുത്തി ഒരുക്കിയ താൽക്കാലിക സംവിധാനം ഇരു സ്റ്റേഷനുകളുടെയും പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. വനംവകുപ്പിന്റെ ജോലിഭാരം കുറയ്ക്കാൻ സോളാർ ഫെൻസിംഗിന്റെ പരിപാലനം തദ്ദേശസ്ഥാപനങ്ങൾ ഏറ്റെടുക്കണമെന്ന ആവശ്യത്തിൽ ജനപ്രതിനിധികൾ ശ്രമിക്കുന്നുണ്ടെങ്കിലും നടപടികൾ വൈകുന്നത് പ്രതിസന്ധി ഇരട്ടിയാക്കുകയാണ്.
കർഷകരുടെയും സാധാരണക്കാരുടെയും ജീവന് വില കൽപ്പിക്കാത്ത വനംവകുപ്പിന്റെ അനാസ്ഥ പുതിയ വനംമന്ത്രിയെങ്കിലും അടിയന്തരമായികണ്ട് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
District News
തൃശൂർ: ചെന്പൂക്കാവിൽ ബാലഭവനുമുന്നിലെ കോർപറേഷൻ കെട്ടിടത്തിലെ കൊറിയർ സ്ഥാപനത്തിൽ തീപിടിത്തം. സ്ഥാപനത്തിലുണ്ടായിരുന്ന ഒരു സ്കൂട്ടറും ബൈക്കും ലാപ്ടോപ്പും പ്രിന്ററും ഉൾപ്പടെ കത്തിനശിച്ചു.
മൂർക്കനിക്കര സ്വദേശി കണ്ണന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ രാത്രി എട്ടോടെയായിരുന്നു തീപിടിത്തം. തൃശൂരിൽനിന്നു രണ്ടു യൂണിറ്റ് ഫയർഫോഴ്സെത്തിയാണു തീ അണച്ചത്.
District News
മുളങ്കുന്നത്തുകാവ്: 12 വര്‍ഷമായി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മുടങ്ങിക്കിടന്ന ഓഡിറ്റിംഗിനു തുടക്കമായി. സംസഥാന ഓഡിറ്റ് വകുപ്പിന്റെ പത്തംഗസംഘമാണ് ഓഡിറ്റിംഗ് നടത്തുന്നത്. ആശുപത്രികണക്കുകള് ശരിയാക്കി രേഖകള്‍ വകുപ്പിനു കൈമാറാൻ ആശുപത്രി അധികൃതര്‍ വൈകിയതാണ് ഓഡിറ്റിംഗ് നടക്കാതിരുന്നതിനു കാരണം. ഒരു സാമ്പത്തികവര്‍ഷം നൂറുകോടിയില്‍ കൂടുതല്‍ രൂപയുടെ ഇടപാടുകളാണ് ഇവിടെ നടക്കുന്നത്. ഓരോവര്‍ഷവും ഓഡിറ്റ് റിപ്പോർട്ട് നല്കണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് ഇവിടെ പാലിക്കപ്പെട്ടില്ല. 2013 മുതല്‍ 1400 കോടി രൂപയുടെ കണക്കുകളാണ് ഇവിടെ ശരിയാക്കാനുള്ളത്.
ആശുപത്രി വികസന ഫണ്ടില്‍ ഒരു കോടി രൂപയുടെ തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റിംഗിനെക്കുറിച്ച് അന്വേഷണം നടത്താന്‍ അന്നത്തെ ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞെങ്കിലും നടപടിയുണ്ടായിരുന്നില്ല.
അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ അഞ്ചുവര്‍ഷത്തെ ദൈനംദിന കണക്കുകള്‍മാത്രമാണ് ആരോഗ്യവകുപ്പ് ഓഡിറ്റിംഗിനു വിധേയമാക്കിയത്. നിരവധി അഴിമതി ആരോപണങ്ങള്‍ അന്ന് ഉയര്‍ന്നെങ്കിലും പിന്നിട് അന്വേഷണം കൃത്യമായി നടന്നിരുന്നില്ല. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന നിലപാടാണ് ആരോഗ്യവകുപ്പ് കൈക്കൊണ്ടത്.
District News
തൃശൂർ: വർധിച്ചുവരുന്ന പാചക വാതക - ഇന്ധനവില വർധനവിനെതിരേ മറ്റം ഫൊറോന കെസിവൈഎം സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു.
കൂനംമൂച്ചി സെന്ററിൽ നടന്ന പ്രതിഷേധസദസ് കെ.സി.വൈഎം മറ്റം ഫൊറോന ഡയറക്ടർ ഫാ. ഫ്രാങ്ക്ലിൻ കണ്ണനായ്ക്കൽ ഉദ്ഘാടനംചെയ്തു. ഫൊറോന പ്രസിഡന്റ് നിജിൽ ജോസ് അധ്യക്ഷതവഹിച്ചു. ഫൊറോന ജനറൽ സെക്രട്ടറി എഡ്വിൻ ആന്റോ സംസാരിച്ചു.
District News
എരുമപ്പെട്ടി: വെള്ളറക്കാട് - തിപ്പലശേരി റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് പരാതിപറയാനെത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരേ പരാതിനൽകി കേസെടുപ്പിച്ച കടങ്ങോട് പഞ്ചായത്ത് എൽഡിഎഫ് ഭരണസമിതിയുടെ നടപടിക്കെതിരേ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡിന്റെ നിർമാണത്തിന് നാലരക്കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പുകൾക്കുമുമ്പ് എംഎൽഎയും എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതിയും രണ്ടുതവണ നിർമാണോദ്ഘാടനം നടത്തിയിരുന്നു.
എന്നാൽ നിർമാണം നടക്കാതിരിക്കുകയും കുഴികളിൽചാടി ബൈക്ക് യാത്രക്കാർക്ക് പരിക്കുപറ്റുന്നതും നിത്യസംഭവമാവുകയുംചെയ്ത സാഹചര്യത്തിലാണ് നാട്ടിലെ യുവാക്കൾ പരാതിപറയാൻ പഞ്ചായത്തിലെത്തിയത്. പ്രസിഡന്റിന്റെ അനുമതിയോടെയാണ് ഇവർ ഭരണസമിതിയോഗ ഹാളിലേക്ക് എത്തിയത്.
പ്രസിഡന്റുമായി സംസാരിച്ച് മടങ്ങുന്നതിനിടയിൽ ചില സിപിഎം മെമ്പർമാർ മനഃപ്പൂർവം വാക്കേറ്റം ഉണ്ടാക്കി സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. കോൺഗ്രസ് മെമ്പർമാർ ഇടപെട്ടതിനെ തുടർന്ന് സമാധാനപരമായാണ് ഇവർ തിരിച്ചുപോയത്. എന്നാൽ ഇതിനുശേഷം സിപിഎം ഏരിയ, ലോക്കൽ കമ്മിറ്റികളുടെ നിർദേശപ്രകാരം കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെയുള്ള യുവാക്കൾക്കെതിരേ പഞ്ചായത്ത് സെക്രട്ടറി പോലീസിൽ പരാതി നൽകുകയായിരുന്നുവെന്നു കോൺഗ്രസ് നേതാക്കൾ പറഞ്ഞു. യുവാക്കൾ യോഗത്തിൽ അക്രമംനടത്തിയിട്ടില്ലെന്നും പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് താൻ പരാതിനൽകിയതെന്നും സെക്രട്ടറി പോലീസിൽ അറിയിച്ചതായും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
പത്തുവർഷമായി എംഎൽഎയും എംപിയും പഞ്ചായത്തും വാഗ്ദാനം നൽകി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും. ഇതിനെതിരേ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും കോൺഗ്രസ് അറിയിച്ചു. വെള്ളറക്കാട് സെന്ററിൽ നടന്ന പൊതുയോഗം കോൺഗ്രസ് പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ പി.എൻ. വിഷയകുമാർ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് ഷറഫു പന്നിത്തടം അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറിമാരായ എം.എച്ച്. നൗഷാദ്, അക്ബർ അലി, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആന്റോ പോൾ, സലാം വലിയകത്ത്, പ്രകാശൻ പേങ്ങാട്ടുപാറ, രഞ്ജു താരു, ഷൈനി തമ്പി, വി.എം. ഇബ്രാഹിം, എൻ.വി. ആന്റണി എന്നിവരും സംസാരിച്ചു.
District News
തൃശൂർ: സേക്രഡ് ഹാർട്ട് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിലെ എൻസിസിയും പരിസ്ഥിതികൂട്ടായ്മയായ കോൾ ബേഡേഴ്സ് കളക്ടീവും സംയുക്തമായി ഫോട്ടോപ്രദർശനം "വയലോരക്കാഴ്ചകൾ' സംഘടിപ്പിച്ചു. കോൾ ബേഡേഴ്സ് പ്രതിനിധികളായ മിനി ആന്റോ തെറ്റയിൽ, കെ.എസ്. സുബിൻ എന്നിവർ പ്രദർശനത്തിനു നേതൃത്വം നൽകി.
District News
തൃശൂർ: തൃശൂർ പ്രസ് ക്ലബ് ഏർപ്പെടുത്തിയ ടി.വി. അച്യുതവാര്യർ, പി.വി. അയ്യപ്പൻ സ്മാരക അവാർഡ് സമർപ്പണം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. ദേശാഭിമാനി സീനിയർ സബ് എഡിറ്റർ സയൻസണ്‍, മാതൃഭൂമി ന്യൂസ് അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ ഇ.വി. ഉണ്ണിക്കൃഷ്ണൻ എന്നിവർക്ക് അച്യുതവാര്യർ പുരസ്കാരവും, അമൃത ടിവി കാമറാമാനായിരുന്ന പി.വി. അയ്യപ്പന്റെ സ്മരണാർഥം ഏർപ്പെടുത്തിയ വീഡിയോഗ്രാഫി പുരസ്കാരം മീഡിയവണ്‍ സീനിയർ കാമറ പേഴ്സണ്‍ സഞ്ജു പൊറ്റമ്മലിനും സമ്മാനിച്ചു. തൃശൂർ പ്രസ് ക്ലബ്ബിന്റെ ചരിത്രത്തെക്കുറിച്ചു മുതിർന്ന മാധ്യമപ്രവർത്തകൻ സി.എ. കൃഷ്ണൻ രചിച്ച "വൃത്താന്തവൃത്തം' എന്ന പുസ്തകത്തിന്റെ പ്രകാശനവും ആഭ്യന്തരമന്ത്രി നിർവഹിച്ചു.
രാജൻ ജെ. പല്ലൻ എംഎൽഎ, കോർപറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദ്, പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി. ബാബു, സെക്രട്ടറി രഞ്ജിത് ബാലൻ, ട്രഷറർ ടി.എസ്. നീലാംബരൻ എന്നിവർ പങ്കെടുത്തു.
District News
വടക്കാഞ്ചേരി: പുഴപ്പാലം നിർമാണം അപകടം ക്ഷണിച്ചുവരുത്തുമെന്ന് നാട്ടുകാർ. പഴയ പാലം പൊളിച്ചുനീക്കുകയും പുതിയ പാലത്തിന്റെ നിർമാണം ആരംഭിക്കുകയു ചെയ്ത സാഹചര്യത്തിലാണ് സമീപത്തെ സ്ഥാപനങ്ങൾക്ക് ഭീഷണിയായിമാറിയത്.
കടകളുടെ സമീപംവരെ ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കംചെയ്തതോടെ ഏതു നിമിഷവും കടകൾ നിലംപൊത്തുന്ന അവസ്ഥയാണ്. പാലത്തിന്റെ നിർമാണമാണെങ്കിൽ ഒച്ചിന്റെ വേഗതയിലാണ് നീങ്ങുന്നത്. മഴ മാറിനിൽക്കുന്നതിനാൽ ഇപ്പോൾ പ്രതിസന്ധിയില്ലെങ്കിലും കാലവർഷം ശക്തമായാൽ ഏതുനിമിഷവും സമീപത്തെ സ്ഥാപനങ്ങൾ പുഴയിലേക്ക് ഇടിഞ്ഞുതാഴുമോയെന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്. എത്രയുംപെട്ടന്ന് അധികൃതർ ഇടപെട്ട് വിഷയത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
തൃശൂർ: അതിരൂപത ജോൺപോൾ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ അതിരൂപതയിൽപ്പെട്ട കാരുണ്യപ്രവർത്തന സ്ഥാപനാധികാരികളുടെയും കാരുണ്യ പ്രവർത്തകരുടെയും സംഗമം കിഴക്കേകോട്ട ഫാമിലി അപ്പസ്തൊലേറ്റ് സെന്ററിൽ നടന്നു. അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം നിർവഹിച്ചു. കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും തൃശൂർ അതിരൂപത പ്രോലൈഫ് സമിതി പ്രസിഡന്റുമായ ജയിംസ് ആഴ്ചങ്ങാടൻ അധ്യക്ഷത വഹിച്ചു. സാമൂഹ്യനീതി വകുപ്പ് സീനിയർ സൂപ്രണ്ട് സിനോ സേവി മുഖ്യപ്രഭാഷണം നടത്തി.
ഡയറക്ടർ ഫാ. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളി, ഇ.സി. ജോർജ്, ശോഭ ജോൺസൺ, എം.എ. വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രോലൈഫ് സമിതി വൈസ് പ്രസിഡന്റ് രാജൻ ആന്റണി, ട്രഷറർ പ്രിൻസ് കരേക്കാട്ട്, ഷീബാ ബാബു, സണ്ണി, ജോജു ജോസ്, ആൽവിൻ ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി.
District News
ചാവക്കാട്: കുട്ടികളുടെ പാർക്കായി മാറിയ കൂട്ടുങ്ങൽ വഞ്ചിക്കടവ് ഇനി മധുവനം. നാട്ടുഫലവൃക്ഷങ്ങളെ വരുംതലമുറയ്ക്കായി സംരക്ഷിക്കുന്നതിനുമായി ചാവക്കാട് നഗരസഭ ആവിഷ്കരിച്ച 'മധുവനം' പദ്ധതി ജില്ലാ അസി.കളക്ടർ എ.സി. പ്രീതി ഉദ്ഘാടനംചെയ്തു.
വർഗീസ് തരകൻ ചടങ്ങിൽ വിശിഷ്ട സാന്നിധ്യമായി. നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബർ അധ്യക്ഷതവഹിച്ചു.
വൈസ്ചെയർപേഴ്സൺ ബിൻസി സന്തോഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി. യതീന്ദ്രദാസ്, ലിഷാ മത്രംകോട്ട്, കെ.എച്ച്. സലാം, മുൻ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, സെക്രട്ടി പി.പി. റിഷ്മ എന്നിവർ പ്രസംഗിച്ചു.
District News
മാള: കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് രാത്രി ആയതിനുശേഷമുള്ള ബസ് സർവീസുകൾ നടത്തണമെന്ന് മന്ത്രിക്ക് പരാതി നൽകി. രാത്രി ഒമ്പത് വരെയെങ്കിലും പ്രധാന റൂട്ടുകളിലേക്ക് സ്ഥിരം സർവീസുകൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മാള സോഷ്യൽ ഫോറം സെന്റർ ഫോർ സോഷ്യൽ ചെയ്ഞ്ചസ് പ്രസിഡന്റ്് ഷാൻ്റി ജോസഫ് തട്ടകത്ത് യുവജനക്ഷേമം- കായികം - രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷിന് പരാതി നൽകിയത്.
ആലുവ, അങ്കമാലി, തൃശൂർ, കൊടുങ്ങല്ലൂർ, പുത്തൻവേലിക്കര തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് വൈകീട്ട് 6.30ന് ശേഷം സർവീസുകൾ ഇല്ലാത്തതിനാൽ ജീവനക്കാർ, വിദ്യാർഥികൾ, സ്ത്രീകൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർ യാത്രാ ദുരിതം നേരിടുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വൈകിട്ട് 6.30 മുതൽ രാത്രി ഒൻപതുവരെയെങ്കിലും അരമണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ ഇടവേളകളിൽ സ്ഥിരം കെഎസ്ആർടിസി സർവീസുകൾ ഏർപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഷാന്റി ജോസഫ് തട്ടകത്ത് പരാതിയിൽ ആവശ്യപ്പെട്ടു.
ബസ് സർവീസുകൾ പുനരാരംഭിക്കും: മന്ത്രി
മാള: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് നിര്‍ത്തലാക്കിയ ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുന്ന കാര്യം വകുപ്പിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി ഒ.ജെ. ജനീഷ്. മാള കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നാരംഭിക്കുന്ന പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്രയുടെ ഫ്ളാഗ് ഓഫ് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാര്‍ക്ക് ഗുണകരമാകുന്ന പദ്ധതികള്‍ ആവിഷ്ക്കരിക്കുമ്പോള്‍ അതിനെ എതിര്‍ക്കുന്നവര്‍ സര്‍ക്കാരിന് തെറ്റുപറ്റിയെന്നാണ് ആരോപിക്കുന്നത്. അങ്ങിനെയെങ്കില്‍ അത്തരം തെറ്റുകള്‍ ഇനിയും ആവര്‍ത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
District News
മാള
മാള: കെഎസ്ആര്‍ടിസിയിൽ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്രയുടെ ഫ്ളാഗ്ഓഫ് മന്ത്രി ഒ.ജെ. ജനീഷ് നിര്‍വഹിച്ചു. കാര്‍മല്‍ കോളജ്, സൊക്കോര്‍സോ സിജിഎച്ച്എസ്എസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥിനികളടക്കമുള്ളവര്‍ ആദ്യ ബസുകളില്‍ യാത്ര ചെയ്തു. മന്ത്രിയടക്കമുള്ള ജനപ്രതിനിധികളും ആദ്യയാത്രയില്‍ പങ്കെടുത്തു.
പൊയ്യ പഞ്ചായത്ത് പ്രസിഡന്റ്് ഔസേപ്പച്ചന് ജോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി രാജീവ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സുനിത സജീവന്, സില്‍വി സേവ്യര്‍, റോസിലി ഫ്രാന്‍സിസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ സാജന് കൊടിയന്‍, കാവ്യ രഞ്ജിത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ സെലിന് ജയിംസ്, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്‍ ജോഷി കാഞ്ഞൂത്തറ, പഞ്ചായത്തംഗം സുജാത വിജയന്, കെഎസ്ആര്‍ടിസി ഡിടിഒ കെ.ജെ. സുനില്‍, സൂപ്രണ്ട് നിക്സി ജയിംസ്, കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ പി.എസ്. രാഖേഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എന്‍.എസ്.വിജയന്, സെയ്തു മുഹമ്മദ്, പീറ്റര്‍ പാറേക്കാട്ട്, ഇ.കെ.അനിലന്‍, ആല്ബിന് പ്ലാക്കല്‍, മര്‍ച്ചന്റ്്സ് അസോസിയേഷന് പ്രസിഡന്റ് പി.ടി.പാപ്പച്ചന്, ഷാന്റി ജോസഫ് തട്ടകത്ത് എന്നിവര്‍ പ്രസംഗിച്ചു.
ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് ജനങ്ങള്‍ക്ക് നല്കിയ മുഴുവന്‍ വാഗ്ദാനങ്ങളും നടപ്പിലാക്കാന്‍ കഴിവുള്ള സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ പറഞ്ഞു. പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്രയുടെ ഇരിങ്ങാലക്കുട നിയോജകമണ്ഡലംതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ദിര ഗ്യാരണ്ടിയിലെ പല പദ്ധതികളും നടപ്പിലാക്കി കഴിഞ്ഞു. തുടര്‍ന്നങ്ങോട്ടും പല വിസ്മയങ്ങളും കേരളം കാണുമെന്നും ഉണ്ണിയാടന് പറഞ്ഞു.
നഗരസഭാ ചെയര്മാന് എം.പി. ജാക്സണ് അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ചിന്ത ധര്മരാജന്, നഗരസഭാ കൗണ്‍സിലര്‍മാരായ പ്രവീണ്‍സ് ഞാറ്റുവെട്ടി, ബിന്ദു വിനയന്, റോണി പോള്‍ മാവേലി, മിനി ജോസ് ചാക്കോള, മാഗി വിന്‍സെന്റ്, കെഎസ്ആര്‍ടിസി ഡിടിഒ കെ.ജെ. സുനില്‍, ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് കെ.എല്‍. യേശുദാസ്, വികസനസമിതി കണ്‍വീനര്‍ സേതുമാധവന് പറയംവളപ്പില്‍, വിവിധ തൊഴിലാളി സംഘടന നേതാക്കളായ ബിജു ആന്റണി, കെ.കെ. പ്രേമന്, പി.പി. അനില്‍കുമാര്‍, കെ.എന്‍. ഷാബു എന്നിവര്‍ പ്രസംഗിച്ചു.
ചാലക്കുടി
ചാലക്കുടി: സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സൗജന്യ ടിക്കറ്റ് പദ്ധതിയുടെ ഉദ്ഘാടനം ബസ് സ്റ്റാൻഡിൽവച്ച് സനീഷ് കുമാർ ജോസഫ് എംഎൽഎ നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ആലീസ് ഷിബു അധ്യക്ഷത വഹിച്ചു. കെ എസ്ആർടിസി ജനറൽ കൺടോളിംഗ് ഇൻസ്പെക്ടർ സി.കെ. ഷാജു, മുനിസിപ്പൽ വൈസ് ചെയർമാൻ കെ.വി. പോൾ, വാർഡ് കൗൺസിലർ വി.ജെ. ജോജി, ജില്ലാ പഞ്ചായത്തംഗം ഷോൺ പെല്ലിശേരി തുടങ്ങിയ വർ പ്രസംഗിച്ചു. ചടങ്ങിൽ കെ എസ്ആർടിസി റിസം സെല്ലിന്റെ സോവനീർ പ്രകാശനവും എംഎൽഎ നിർവഹിച്ചു. ഡിപ്പോ എൻജിനിയർ വി.പി. റഷീദ് നന്ദി പറഞ്ഞു. ചാലക്കുടി പട്ടണം ചുറ്റിയുള്ള ബസ് സർവീസിൽ വനിതകളടക്കമുള്ള ജനപ്രതിനിധികൾ പങ്കെടുത്തിരുന്നു.
District News
മാള: കുഴിക്കാട്ടുശേരി തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ എട്ടാമിടം ഭക്തിസാന്ദ്രമായി ആഘോഷിച്ചു. വിശുദ്ധയുടെ സ്വർഗപ്രവേശനത്തിന്റെ 100ാം വാർഷികത്തിൽ നടന്ന തിരുനാളിന്റെ എട്ടാമിടത്തിന്റെ തിരുകർമങ്ങളിൽ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ വികാരി ഫാ. ലാസർ കുറ്റിക്കാടൻ മുഖ്യ കാർമികനായിരുന്നു.
തിരുകർമങ്ങളെ തുടർന്ന് വിശുദ്ധയുടെ തിരുശേഷിപ്പും വഹിച്ചു കൊണ്ട് ഭക്തിനിർഭരമായ പ്രദക്ഷിണം നടന്നു. നാടിനന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ വിശ്വാസികൾ പ്രദക്ഷിണത്തിൽ പങ്കു ചേർന്ന് തിരുശേഷിപ്പ് വണക്കം നടത്തി. തുടർന്ന് നടന്ന ഊട്ടുനേർച്ചയിൽ വിശ്വാസികൾ പങ്കുകാരായി.
ആഘോഷ പരിപാടികൾക്ക് തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. ജോൺ കവലക്കാട്ട്, പ്രമോട്ടർ ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട്, ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മദർ ആനി കുര്യാക്കോസ്, അഡ്മിനിസ്ട്രേറ്ററും ജനറൽ കൺവീനറുമായ സിസ്റ്റർ എൽസി സേവ്യർ, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ വിനയ, ജനറൽ കൺവീനർ അജീഷ് ചക്കാലമറ്റത്ത് പള്ളൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റി കൺവീനർമാരും അംഗങ്ങളും നേതൃത്വം നൽകി.
District News
തൃശൂര്‍: വിശ്വാസപരിശീലകര്‍ ജീവിതംകൊണ്ട് സംസാരിക്കുന്നവരാകണം, അറിവ് തിരിച്ചറിവിന്റെ കളരിയാക്കാനുള്ള മേഖലയാണ് മതബോധനം. ജീവിതസാക്ഷ്യംകൂടാതെയുള്ള മതബോധനം അധരവ്യായാമമാണെന്നും ഇടവകയെ വിശ്വാസത്തില്‍ പടുത്തുയര്‍ത്താനുള്ള വികാരിയുടെ കൂട്ടുപങ്കാളികളാണ് മതാധ്യാപകരെന്നും സീറോ മലബാർ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.
ഇരിങ്ങാലക്കുട രൂപതയുടെ വിദ്യാജ്യോതി വിശ്വാസപരിശീലന യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളജില്‍ സംഘടിപ്പിച്ച രൂപതയിലെ 141 ഇടവകകളിലെയും മതബോധന അധ്യാപകരുടെ സംഗമം - ടെഡ് ഫെസ്റ്റ് 2026 (ടീച്ചേഴ്സ് എംപവറിംഗ് ഡേ) ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുഞ്ഞുങ്ങള്‍ നോക്കിക്കാണുന്ന കണ്ണാടിയാണ് മതാധ്യാപകര്‍, വ്യാഖ്യാനംകൂടാതെ കുട്ടികള്‍ക്കു മനസിലാക്കാനുള്ള ജീവിതശൈലി മതാധ്യാപകര്‍ക്ക് ഉണ്ടാകണമെന്നും മാർ തട്ടിൽ ഉദ്ബോധിപ്പിച്ചു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. വിശ്വാസപരിശീലനരംഗത്തെ സമകാലിക വെല്ലുവിളികളെ നേരിടാനും കുട്ടികളുടെയും യുവജനങ്ങളുടെയും വിശ്വാസജീവിതത്തെ കൂടുതല്‍ ഫലപ്രദമായി നയിക്കാനും അധ്യാപകര്‍ പ്രാപ്തരാകണമെന്ന് മാര്‍ കണ്ണൂക്കാടന്‍ പറഞ്ഞു.
രൂപതയുടെ പുതിയ വെബ്സൈറ്റിന്റെ ഉദ്ഘാടനം മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിച്ചു. തുടര്‍ന്നുനടന്ന ദിവ്യബലിക്കു മാര്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കോട്ടപ്പുറം രൂപതാ വൈദികനും മോട്ടിവേഷന്‍ സ്പീക്കറുമായ ഫാ. ഡയസ് ആന്റണി ക്ലാസുകള്‍ക്കു നേതൃത്വം നല്കി. വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. ആന്റു ആലപ്പാട്ട്, പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ഫിന്റോ ഫ്രാന്‍സിസ്, അഭിഭാഷകയും അഞ്ചു മക്കളുടെ അമ്മയുമായ അഡ്വ. റീനു വിമല്‍, മരിയ അല്‍ഫോസ റെജു തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു.
സമാപനസമ്മേളനത്തില്‍ സംഗമത്തിന്റെ സുവനീര്‍ സഹൃദയ എന്‍ജിനീയറിംഗ് കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ആന്റോ ചുങ്കത്ത് പ്രകാശന ചെയ്തു. മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍, വികാരി ജനറാള്‍ മോണ്‍. ആന്റു ആലപ്പാടന്‍ എന്നിവര്‍ സന്ദേശം നല്കി.
ബെസ്റ്റ് മതബോധന യൂണിറ്റുകള്‍ക്കുള്ള അവാര്‍ഡ് ദാനവും എ ഗ്രേഡ് സ്വന്തമാക്കിയ മതബോധന അധ്യാപകര്‍ക്കുള്ള സമ്മാനദാനവും മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. മൂവായിരത്തിലധികം അധ്യാപകര്‍ പങ്കെടുത്തു. രൂപത മതബോധന ഡയറക്ടര്‍ ഫാ.ഡോ. റിജോയ് പഴയാറ്റില്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. സിബു കള്ളാപറമ്പില്‍, ഫൊറോന വികാരിമാര്‍, ഫൊറോന ഡയറക്ടര്‍മാര്‍, മതബോധന ആനിമേറ്റേഴ്സ് എന്നിവര്‍ നേതൃത്വം നല്കി.
District News
മാള: സംസ്ഥാന യുവജനക്ഷേമ - കായിക വകുപ്പ് മന്ത്രിയുമായി സംവദിച്ച് മാള കാർമൽ കോളജ് വിദ്യാർഥികൾ. സ്ത്രീകൾക്കായി കെഎസ്ആർടിസി ബസുകളിൽ സൗജന്യയാത്ര നടപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചായിരുന്നു സംവാദം. പരിപാടി നടന്ന മാള കെ എസ്.ആർ.ടി.സി സ്റ്റാൻഡിലെ വേദി ആവേശപൂർണമായ വിദ്യാർഥിനി പങ്കാളിത്തത്താൽ ശ്രദ്ധേയമായി.
യാത്രാചെലവിന്റെ ഭാരം കുറയുന്നതിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷയും സ്ത്രീകളുടെ സാമൂഹിക സഞ്ചാരസ്വാതന്ത്ര്യവും വർധിക്കുമെന്ന് മന്ത്രി വിശദീകരിച്ചു. വിദ്യാർഥിനികളുടെ ചോദ്യങ്ങൾക്ക് വ്യക്തവും പ്രചോദനാത്മകവുമായ മറുപടികൾ നൽകിയ മന്ത്രി സ്ത്രീശാക്തീകരണത്തിലേയ്ക്കുള്ള സുപ്രധാന ചുവടുവയ്പ്പാണ് പ്രിയദർശിനി പദ്ധതിയെന്ന് അഭിപ്രായപ്പെട്ടു.
പഠനത്തിനും തൊഴിൽ സാധ്യതകൾ തേടുന്നതിനും പദ്ധതിയിലൂടെ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നും, പൊതുഗതാഗത സംവിധാനത്തെ കൂടുതൽ ആശ്രയിക്കാൻ പ്രിയദർശിനി പരിപാടി പ്രേരണയാകുമെന്നും സംവാദത്തിൽ പങ്കെടുത്ത വിദ്യാർഥിനികൾ അഭിപ്രായപ്പെട്ടു. കാർമൽ കോളജ് അധ്യാപകരായ പി.കെ. രാജേശ്വരി, വി. നിഷ എന്നിവരുടെ നേതൃത്വത്തിൽ നൂറോളം വിദ്യാർഥിനികളാണ് ചടങ്ങിൽ പങ്കെടുത്തത്.
District News
തൃശൂർ: സംസ്ഥാനത്തെ മുഴുവൻ കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്കു സൗജന്യയാത്ര എന്ന വാഗ്ദാനം നടപ്പാക്കാതെ യുഡിഎഫ് സർക്കാർ സ്ത്രീകളെ വഞ്ചിച്ചെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ്കുമാർ. സൗജന്യയാത്ര നടപ്പാക്കിയ ദിനം വഞ്ചനാദിനമാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്കു സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ശീതൾ രാജ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.ആർ. ഹരി, സുജയ് സേനൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ സുധീഷ് മേനോത്തുപറന്പിൽ, പൂർണിമ സുരേഷ്, സൗമ്യ സലേഷ്, മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് മിനി അനിൽകുമാർ, മേഖലാ വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, ജില്ലാ സെക്രട്ടറിമാരായ ജാൻസി, കെ.ജി. നിജി , സബീഷ് മരുതയൂർ എന്നിവർ പ്രസംഗിച്ചു. കൗണ്‍സിലർമാരായ രഘുനാഥ് സി. മേനോൻ, വിൻഷി അരുൺ, പദ്മിനി ഷാജി, മണ്ഡലം പ്രസിഡന്റ് വിബിൻ ഐനിക്കുന്നത്ത്, മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി സീന ശശി, ഉദയ വേണുഗോപാൽ, ജ്യോതിലക്ഷ്മി എന്നിവർ മാർച്ചിനു നേതൃത്വംനൽകി.
District News
സൗജന്യയാത്ര അനുവദിച്ചതു വി.ഡി. സതീശൻ സർക്കാരിനെ കൂടുതൽ ജനകീയമാക്കും. വനിതകൾക്കു കിട്ടിയ പരിഗണനയായി കരുതുന്നു. ഇതുപോലെയുള്ള ജനപ്രിയപദ്ധതികൾ തുടർന്നാൽ അഞ്ചുകൊല്ലം കഴിഞ്ഞാൽ വീണ്ടും ഭരണം ലഭിക്കുമെന്നുറപ്പ്. സ്ഥിരം കെഎസ്ആർടിസിയിൽ യാത്രചെയ്യുന്നയാളാണ് ഞാൻ. സൗജന്യമായി യാത്രചെയ്യാൻ കഴിയുന്നത് ആശ്വാസമാണ്.
-ഷീല ബെന്നി, പറവൂർ
സൗജന്യയാത്ര ലഭിച്ചതിൽ സന്തോഷം. പക്ഷെ എല്ലാ കെഎസ്ആർടിസി ബസുകളിലും സൗജന്യയാത്ര എന്നുപറഞ്ഞിട്ട് ഓർഡിനറി ബസുകളിൽമാത്രം യാത്ര അനുവദിച്ചതിൽ വിഷമമുണ്ട്. നിലന്പൂരിൽനിന്നു തൃശൂർവരെ മാസത്തിൽ രണ്ടുതവണയെങ്കിലും യാത്ര ചെയ്യുന്നയാളാണ് ഞാൻ. ദീർഘദൂര ബസുകളിൽ സൗജന്യമായി വേഗത്തിൽ എത്താമല്ലോ എന്നു കരുതിയിരുന്നു. വാഗ്ദാനങ്ങൾ നൽകുന്പോൾ വ്യക്തതയുണ്ടായിരുന്നെങ്കിൽ നിരാശയും വിമർശനങ്ങളും ഒഴിവാക്കാമായിരുന്നു.
-ബെസ്ലിൻ, മലപ്പുറം
സൗജന്യയാത്ര ലഭിച്ചത് അംഗീകരിക്കുന്നു. പക്ഷേ, കെഎസ്ആർടിസിയുടെ സാന്പത്തികബാധ്യത കണക്കിലെടുത്താൽ എത്രനാളേക്ക് ഈ സൗജന്യം നീളുമെന്നതിൽ സംശയമുണ്ട്. സ്ത്രീകൾക്കു പരിഗണന ലഭിച്ചതിൽ സന്തോഷമുണ്ട്. എല്ലാ ബസുകളിലും സൗജന്യം ലഭിച്ചാൽമാത്രമേ സൗജന്യയാത്ര കൂടുതൽ ഉപകാരപ്രദമാകൂ. ഇതു പകുതിക്കുവച്ച് നിർത്താതെ തുടർന്നു പോകാൻ സർക്കാർ ശ്രമിക്കണം
-വസുന്ധര, പാലക്കാട്
സൗജന്യയാത്ര ഉപകാരമായി. എനിക്കു മൂന്നു പെണ്മക്കളാണ്. ഞാനടക്കം നാലുപേർ യാത്രചെയ്യുന്പോൾ യാത്രാച്ചെലവിനത്തിൽ നല്ലൊരു തുക ലാഭമാകും. രണ്ടാംഘട്ടത്തിൽ ദീർഘദൂര സർവീസുകളിൽകൂടി സൗജന്യയാത്ര പ്രതീക്ഷിക്കുന്നു. സൗജന്യയാത്ര പുരുഷൻമാർക്കുകൂടി ബാധകമാക്കണമെന്ന് അഭിപ്രായമുണ്ട്. സ്ത്രീയും പുരുഷനും തുല്യരാണ് എന്നു കരുതുന്ന സമൂഹത്തിൽ പുരുഷൻമാരെ മാറ്റിനിർത്തുന്നതു ശരിയല്ല.
-ഷിജി ഷാജി, തൃശൂർ
തൃശൂരിൽനിന്നു കൊച്ചിയിലേക്കു പതിവായി യാത്രചെയ്യാറുണ്ട്. പ്രിയദർശിനി സൗജന്യയാത്ര ലാഭകരമാണെങ്കിലും കേരളത്തിലെ ജോലിയും ശന്പളവുമുള്ള സ്ത്രീകൾക്കു സൗജന്യം നൽകി കെഎസ്ആർടിസി വീണ്ടും നഷ്ടത്തിലാക്കേണ്ട കാര്യമുണ്ടോ എന്ന സംശയവുമുണ്ട്. എങ്കിലും വനിതകൾക്കുള്ള ആദരമാണ് ഈ യാത്രയെന്നു മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് ആദരം സ്വീകരിക്കുന്നു.
-റിയ ജോഷി, കൊച്ചി
District News
തൃശൂർ: കെഎസ്ആർടിസി ഓർഡിനറി ബസിന്റെ പ്ലാറ്റ്ഫോമിലേക്ക് ഇൻഡിക്കേറ്റർ തെളിയിച്ച് ആനവണ്ടി എത്തിയപ്പോൾ പതിവ് പുരുഷ യാത്രക്കാരെല്ലാം ഒന്നു സൈഡായി. പിന്നാലെ, ബസിന്റെ വാതിലിലൂടെ സ്ത്രീകളുടെ തിരക്കോടുതിരക്ക്. സംസ്ഥാന സർക്കാരിന്റെ ഇന്ദിര ഗാരന്റി പദ്ധതി പ്രകാരമുള്ള പ്രിയദർശിനി സൗജന്യ വനിതാ ബസ് യാത്രാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തോടെ തൃശൂർ ഡിപ്പോ ഇന്നലെ ശരിക്കും ഒരു ഉത്സവപ്പറമ്പായി മാറി. മന്ത്രി രമേശ് ചെന്നിത്തല പച്ചക്കൊടി വീശി. ജില്ലയിലെ സ്ത്രീകളുടെ സൗജന്യപ്രയാണത്തിന് ആവേശകരമായ തുടക്കം.
കെഎസ്ആർടിസി നേരിടുന്ന കടുത്ത സാമ്പത്തികബാധ്യതകൾക്കിടയിലും സ്ത്രീശക്തീകരണത്തിനു മുൻഗണന നൽകുന്ന സർക്കാരിന്റെ ഉറച്ച തീരുമാനമാണ് ഈ പദ്ധതിയെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വിദ്യാഭ്യാസം നേടിയും ജോലിചെയ്തും ഓരോ കുടുംബത്തെയും താങ്ങിനിർത്തുന്ന സ്ത്രീശക്തിക്ക് യുഡിഎഫ് നേതൃത്വത്തിലുള്ള സർ ക്കാർ നൽകുന്ന വലിയൊരു അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതിക്കു തൃശൂരിൽ വൻസ്വീകാര്യതയാണ് ലഭിച്ചത്. ഉദ്ഘാടനത്തിനു മണിക്കൂറുകൾക്കു മുന്‍പുതന്നെ ജോലിക്കുപോകുന്ന സ്ത്രീതൊഴിലാളികളും യാത്രക്കാരും ഡിപ്പോയിൽ കാത്തുനിന്നിരുന്നു.
ചടങ്ങിൽ രാജൻ ജെ. പല്ലൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത്, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ടി.എ. ഉബൈദ് തുടങ്ങിയവർ പങ്കെടുത്തു. അധികൃതർ യാത്രക്കാർക്കു ലഡു വിതരണം ചെയ്താണ് സന്തോഷം പങ്കിട്ടത്.
സീറ്റില്ലാതെ മന്ത്രി; ടിക്കറ്റ് ചാർജ് നൽകി എംഎൽഎ
നീണ്ട 40 വർഷത്തെ ഇടവേളയ്ക്കുശേഷം മന്ത്രി രമേശ് ചെന്നിത്തല കെഎസ്ആർടിസി ബസിൽ സാധാരണ യാത്രക്കാരനായി കയറി. കോളജ് കാലത്താണ് കെഎസ്ആർടിസി ബസിൽ കൂടുതലും യാത്ര ചെയ്തിട്ടുള്ളതെന്നും എംഎൽഎ ആയശേഷവും ബസ് യാത്ര നടത്തിയിട്ടുണ്ടെങ്കിലും പിന്നീട് തിരക്കുകൾകാരണം സമയം കിട്ടാതെ പോയതാണെന്നും മന്ത്രി പറഞ്ഞു. വീണ്ടുമൊരു കെഎസ്ആർടിസി യാത്ര വലിയ സന്തോഷം നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാത്രക്കാർ നിറഞ്ഞ പാലക്കാട് - തൃശൂര്‍ ടൗണ്‍ ടു ടൗണ്‍ ബസില്‍ തേക്കിന്‍കാട് മൈതാനംവരെ നിന്നുകൊണ്ടായിരുന്നു മന്ത്രിയുടെയും കൂട്ടരുടെയും യാത്ര. മന്ത്രിക്കൊപ്പം യാത്രചെയ്ത 30 പുരുഷന്മാരുടെ ടിക്കറ്റ് തുക രാജൻ പല്ലൻ എംഎൽഎ വനിതാ കണ്ടക്ടർ എ.എസ്, ശൈലയ്ക്കു നൽകി. വനിതാ യാത്രക്കാർക്കെല്ലാം പദ്ധതിപ്രകാരമുള്ള സീറോ ടിക്കറ്റുകൾ കണ്ടക്ടർ വിതരണം ചെയ്തു.
ലഹരിക്കെതിരേ ഗോളടിച്ച് മടക്കം
ബസ് യാത്രയ്ക്കുശേഷം തൃശൂർ തെക്കേഗോപുരനടയിൽ എത്തിയ മന്ത്രി രമേശ് ചെന്നിത്തല കോർപറേഷന്റെ പ്രത്യേക കാമ്പയിനിലും പങ്കാളിയായി. ലഹരിക്കെതിരേ തൃശൂർ കോർപറേഷൻ സംഘടിപ്പിച്ച ഓപ്പറേഷൻ തൂഫാൻ കാമ്പയിന്റെ ഭാഗമായി സജ്ജീകരിച്ച പോസ്റ്റിലേക്കു ഗോൾകിക്ക് അടിച്ച ശേഷമാണ് മടങ്ങിയത്.
District News
ഗുരുവായൂർ: ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്കു സൗകര്യപ്രദമായി ദർശനം നടത്താൻ പരീക്ഷണാടിസ്ഥാനത്തിൽ വെർച്വൽ ക്യൂ സംവിധാനം നടപ്പാക്കുമെന്നു ദേവസ്വം മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ഭക്തജനങ്ങൾക്കാവശ്യമായ നവീനസൗകര്യങ്ങൾ ഒരുക്കി ഗുരുവായൂർ, ശബരിമല, കൊട്ടിയൂർ ക്ഷേത്രങ്ങളെ മികച്ച തീർഥാടനകേന്ദ്രങ്ങളാക്കി മാറ്റും.
ഗുരുവായൂരിൽ ദേവസ്വം ഭരണസമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ വിവിധ വകുപ്പുമേധാവികളുമായി നടത്തിയ അവലോകനയോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷേത്രവികസനത്തിനാവശ്യമായ മാസ്റ്റർ പ്ലാൻ തയാറാക്കും. പിന്നീട് വരി കോംപ്ലക്സ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നടപ്പിലാക്കും.
ക്ഷേത്രത്തിനു ചുറ്റുമുള്ള ഭൂമി ഏറ്റെടുക്കൽനടപടി വേഗത്തിലാക്കും. ഒന്‍പതുമാസത്തിനുള്ളിൽ ക്ഷേത്രവികസനത്തിനാവശ്യമായ സ്ഥലമേറ്റെടുക്കൽ പൂർത്തീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ഇക്കാര്യത്തിൽ തടസങ്ങളുണ്ടെങ്കിൽ ചർച്ചചെയ്ത് പരിഹരിക്കും.
മൂന്നുവർഷത്തിനുള്ളിൽ ക്ഷേത്രവികസനം നടപ്പിലാക്കി ഭക്തർക്കു സൗകര്യപ്രദമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാനാണ് യോഗത്തിലെ ധാരണ. അന്യാധീനപ്പെട്ട ക്ഷേത്രഭൂമി തിരിച്ചുപിടിക്കും. ഗുരുവായൂരപ്പന്റെ ഒരു തുണ്ടുഭൂമിപോലും നഷ്ടപ്പെടുത്താൻ അനുവദിക്കില്ല.
നിലവിലെ ആശുപത്രിക്കെട്ടിടം പൊളിച്ചുമാറ്റി കൂടുതൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിന് ആവശ്യമായ സൗകര്യത്തോടുകൂടിയ കെട്ടിടം നിർമിക്കും. വേങ്ങാട് ഗോശാലയിലെ പ്രശ്നങ്ങൾ പരിഹരിക്കും. ആനക്കോട്ടയിലെ പുന്നത്തൂർ കോവിലകം ചരിത്രസ്മാരകമാക്കും. ആനകളുടെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തും. ആനകളുടെ പാദരോഗ ചികിത്സയ്ക്കു വിദഗ്ധരുടെ സേവനം തേടുമെന്നും മന്ത്രി അറിയിച്ചു.
ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, റവന്യൂ ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം, ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, മനോജ് ബി. നായർ, എം.യു. ഷിനിജ, അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, റവന്യൂ, ദേവസ്വം ഉദ്യാഗസ്ഥർ, ദേവസ്വത്തിലെ വിവിധ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.
ഇന്നലെ ക്ഷേത്രദർശനത്തിനു മൂന്നു മന്ത്രിമാർ
ഗുരുവായൂർ: മലയാളമാസം ഒന്നാംതീയതിയായ ഇന്നലെ ഗുരുവായൂർ ക്ഷേത്രദർശനം നടത്താൻ മൂന്നു മന്ത്രിമാരെത്തി.ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ, വനിത-ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണ എന്നിവരാണ് ഗുരുവായൂരിലെത്തിയത്.
രമേശ് ചെന്നിത്തല കുറേവർഷങ്ങളായി എല്ലാ മലയാളമാസം ഒന്നാംതീയതിയും ഗുരുവായൂരിൽ എത്താറുണ്ട്. രാവിലെ ശീവേലിസമയത്താണ് ചെന്നിത്തല ദർശനം നടത്തിയത്. കെ. മുരളീധരനും ബിന്ദു കൃഷ്ണയും ഉഷഃപൂജസമയത്തും ദർശനം നടത്തി.
District News
ചേർപ്പ്: കൂർക്കഞ്ചേരി മുതൽ കൊടുങ്ങല്ലൂർ വരെയുള്ള കെഎസ്ടിപി റോഡ് പദ്ധതിയിൽ ഉൾപ്പെട്ട പാലയ്ക്കൽ മാർക്കറ്റ്- കണിമംഗലം ഭാഗത്തെ റോഡിന്റെ കോൺക്രീറ്റിംഗ് ജോലികൾ തുടങ്ങി. മൂന്നു വർഷമായി മുടങ്ങിക്കിടന്ന നിർമാണമാണ് ഇന്നലെ പുനരാരംഭിച്ചത്.
റോഡ് നിർമാണം നിലച്ചതോടെ ഈ പ്രദേശത്തു ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായിരുന്നു. മഴയിൽ റോഡിൽ കുഴികൾ നിറഞ്ഞ് ദുരിതം ഇരട്ടിയാവുകയും ചെയ്തു. പലതവണ മണ്ണിട്ടു കുഴികൾ മൂടിയെങ്കിലും ഒന്നും ഫലവത്തായിരുന്നില്ല. നിർമാണം ഉടൻ പൂർത്തിയാക്കാമെന്നായിരുന്നു ജനപ്രതിനിധികൾ അടക്കമുള്ളവർക്കു കെഎസ്ടിപി ഉദ്യോഗസ്ഥർ നൽകിയിരുന്ന പതിവുമറുപടി.
ഈ സാഹചര്യത്തിൽ അവിണിശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി ജോയിയുടെ നേതൃത്വത്തിൽ കെഎസ്ടിപിയുടെ കുറ്റിപ്പുറം ഓഫീസിൽ ഉപരോധസമരം നടത്തിയിരുന്നു. തുടർന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ഗീത ഗോപി എംഎൽഎ അടക്കമുള്ളവർ പങ്കെടുത്ത സംയുക്തയോഗത്തിലാണ് റോഡ് നിർമാണം ഉടൻ തുടങ്ങാൻ തീരുമാനമായത്.
ഇന്നലെ രാവിലെ പാലയ്ക്കൽ മാർക്കറ്റ് ജംഗ്ഷനിൽനിന്ന് റോഡിന്റെ പണികൾക്കു തുടക്കമായി. ജനപ്രതിനിധികൾ അടക്കമുള്ളവർ സ്ഥലത്തെത്തിയിരുന്നു. തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചുവിട്ടിട്ടുണ്ട്. ബസുകൾ പൂച്ചിന്നിപ്പാടം, ആനക്കല്ല്, ഒല്ലൂർ വഴിയാണ് സർവീസ് നടത്തിയത്. അതേസമയം, കൊടുങ്ങല്ലൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇന്നലെയും ഈ ഭാഗത്ത് ഏറെനേരം കുരുക്കിൽപ്പെട്ടു.
District News
മുണ്ടൂർ: യുവക്ഷേത്ര കോളജ് മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ യൂസിംഗ് എഐ ഫോർ ഫണ്ട് റെയ്സിംഗ് ആൻഡ് ഇൻവസ്റ്റർ പിച്ച് പ്രിപ്പറേഷൻ എന്ന വിഷയത്തിൽ നടത്തിയ ശില്പശാല അലുംമ്നിയും ചോയ്സ് ഇക്വിറ്റി ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡ് റിലേഷൻഷിപ് മാനേജറുമായ ജിബിൻ ഉദ്ഘാടനം ചെയ്തു.
ഡയറക്ടർ ഫാ.ഡോ. മാത്യു ജോർജ് വാഴയിൽ അധ്യക്ഷനായിരുന്നു. മാനേജ്മെന്റ് വിഭാഗം മേധാവി ഡോ.ജെ. രമ്യ സ്വാഗതവും വിദ്യാർഥിനി എസ്. ജയലക്ഷ്മി നന്ദിയും പറഞ്ഞു.
District News
ഒറ്റപ്പാലം: തെരുവുനായ്ക്കൾ നാടാകെ ഭീഷണി ഉയർത്തുമ്പോഴും പിടികൂടാൻ ആളില്ലാത്തത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു തിരിച്ചടിയാവുന്നു. നായ്പിടുത്തക്കാരുടെ ക്ഷാമം തദ്ദേശ സ്ഥാപനങ്ങളുടെ എബിസി പദ്ധതിക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
ആക്രമകാരികളായ നായ്ക്കളെ പിടികൂടുന്നതിനു സാധിക്കാതെവരുന്നത് നായ്പിടിത്തക്കാരുടെ കുറവുമൂലമാണ്. നായകളെ പിടികൂടി ഷെൽട്ടറിലേക്കു മാറ്റുന്നതിനും വാക്സിനേഷൻ നൽകുന്നതിനും വന്ധ്യംകരിക്കുന്നതിനുമെല്ലാം പരിശീലനം ലഭിച്ച നായ്പിടിത്തക്കാരുടെ കുറവ് പ്രശ്നമാകുന്നുണ്ട്. ഒരുവാർഡിൽ ഒരാൾ എന്ന നിലയ്ക്കെങ്കിലും നായ്പിടുത്തക്കാരുടെ ആവശ്യമുണ്ട്.
അക്രമകാരികളായ നായ്ക്കളെ പിടികൂടുന്നതിനു നിലവിൽ ഒരു നായയ്ക്ക് 1500 രൂപയും, വാക്സിനേഷൻ നൽകുന്നതിനു 500 രൂപയുമാണ് പ്രതിഫലം. ഈ പ്രതിഫലത്തിന് നിലവിൽ ആളെകിട്ടാൻ പ്രയാസമാണ്. ഇതിനു പരിഹാരമായി പ്രതിഫലംകൂട്ടി നൽകുന്നതിനു ബന്ധപ്പെട്ടവർ തയാറാകണം.
നിലവിൽ പാലക്കാട്ടുനിന്നാണ് നായ്പിടിത്തക്കാർ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കു നായകളെ പിടിക്കാൻ പോകുന്നത്.
വെല്ലുവിളികൾ നിരവധി
നായ്പിടിത്തക്കാർ നേരിടുന്ന വെല്ലുവിളികൾ നിരവധിയാണ്. ദൂരസ്ഥലങ്ങളിൽനിന്ന് എത്തുന്നവർക്കു വണ്ടി വാടകയും, ഭക്ഷണവും, താമസവുമൊക്കെയാവുമ്പോൾ 1500 രൂപ പ്രതിഫലം അപര്യാപ്തമാണ്.
ഈ 1500 രൂപ ലഭിക്കണമെങ്കിൽതന്നെ ഫയലുകൾ ശരിയാക്കണം.
തദ്ദേശ- മൃഗസംരക്ഷണ വകുപ്പുകളുടെ ചുവപ്പുനാടകളൊക്കെ അഴിച്ച് പണം അക്കൗണ്ടിൽ എത്തുമ്പോഴേക്കും ദിവസങ്ങൾ കഴിയും.
നായയെ പിടിച്ചാൽ ഉടനെ പണം കൊടുക്കാനുള്ള സംവിധാനമുണ്ടാകണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. തദ്ദേശ സ്ഥാപനങ്ങൾക്കും വലിയ പ്രതിസന്ധി തന്നെയാണ്. സ്കൂളുകൾ, ടൗണുകൾ മറ്റു പൊതുസ്ഥലങ്ങളിൽനിന്ന് ഉൾപ്പടെ നായകളെ പിടികൂടി ഒഴിപ്പിക്കണമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്.
എന്നാൽ നായ്പിടുത്തക്കാരെ കിട്ടാത്തതുമൂലം ലക്ഷ്യം അവതാളത്തിലാണ്. പേപിടിച്ച നായകളുടെ കടിയേറ്റ മറ്റു തെരുവുനായ്ക്കൾക്കു പ്രദേശമാകെ വാക്സിനേഷൻ നൽകേണ്ടി വരും. ഈ സമയത്തും നായ്പിടിത്തക്കാരുടെ സേവനം അനിവാര്യമാണ്.
തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ വാർഡ് അടിസ്ഥാനത്തിൽ അക്രകാരികളായ പട്ടികളെ പിടിക്കുന്നതിനു പരിശീലനം ലഭിച്ച ക്യാച്ചർമാരെ തയാറാക്കുന്നതു ഉത്തമമായിരിക്കുമെന്നും പൊതുജനം പറയുന്നു.
District News
ഒറ്റപ്പാലം: തോട്ടക്കരയിൽ റോഡുകളിലെ കുഴികൾ അടയ്ക്കുന്ന പ്രവൃത്തികൾ തുടങ്ങി. ഒറ്റപ്പാലം - ചെർപ്പുളശേരി റോഡിൽ തോട്ടക്കര ഭാഗത്ത് റോഡിൽ മുഴുവൻ കുഴികൾ രൂപപ്പെട്ടിരുന്നു. ഈ ഭാഗങ്ങളിലാണ് നവീകരണം നടത്തിയത്. റോഡിന്റെ വശങ്ങൾ ചാലുകീറിയതുമൂലം വെള്ളം ഒഴിഞ്ഞുപോകാതെ കെട്ടിക്കിടക്കുന്ന സാഹചര്യവുമുണ്ടായിരുന്നു.
ഈ ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമായതിനെതുടർന്ന് കച്ചവട സ്ഥാപനങ്ങളിലുംമറ്റും വെള്ളംകയറുന്ന സാഹചര്യം രൂപപ്പെട്ടിരുന്നു.
District News
പാലക്കാട്: കേരളത്തിലെ റേഷൻ വ്യാപാരികളുടെ വേതന പാക്കേജുൾപ്പെടെയുള്ള വിഷയങ്ങളിൽ കേരള ബജറ്റിൽ ഉൾക്കൊള്ളിച്ച് ഈ വിഭാഗത്തെ സംരക്ഷിക്കണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ.
സംസ്ഥാന നേതൃത്വ പഠനക്യാമ്പ് സ്വാഗതസംഘം സ്പെഷൽ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് മുൻ എംഎൽഎ അഡ്വ. ജോണിനെല്ലൂർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ.എം. അബ്ദുൾ സത്താർ അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി എ. കൃഷ്ണൻ, സംസ്ഥാന സെക്രട്ടറി ഇ. ശ്രീജൻ, ജില്ലാ പ്രസിഡന്റ് വി.പി. രഘുനാഥ്, വർക്കിംഗ് പ്രസിഡന്റ് ടി. മൊയ്തുട്ടി എന്നിവർ പ്രസംഗിച്ചു.
District News
പാലക്കാട്: വാളയാർ നടുപ്പതി ഊരിലെ ജനങ്ങളുടെ യാത്രാക്ലേശത്തിനു പരിഹാരമായി ഒലീവിയ ഫൗണ്ടേഷൻ ഇലക്ട്രിക് ബഗ്ഗി വാൻ സമ്മാനിച്ചു. ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടുപ്പതിയിൽ രൂപീകരിച്ച സഞ്ജീവനി സ്വയംസഹായ സംഘത്തിന്റെ പ്രസിഡന്റ് രജതിക്ക് സിനിമാനടൻ ദിലീപാണ് വാഹനത്തിന്റെ താക്കോൽ കൈമാറിയത്. ചടങ്ങിൽ സിനിമാ നിർമാതാവ് സുരേഷ്കുമാർ മുഖ്യാതിഥിയായിരുന്നു.
വനമേഖലയോടുചേർന്ന പ്രദേശമായതിനാൽ കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം ഇവിടെ പതിവാണ്. ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയും വന്യമൃഗഭീഷണിയും പ്രദേശവാസികളുടെ ദൈനംദിന ജീവിതത്തെ ഏറെ ദുഷ്കരമാക്കിയിരുന്നു.
ഒലീവിയ സിഎംഡി കെ.ടി. കൃഷ്ണകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സിഇഒ അജിത് കുമാർ വർമ്മ, നടുപ്പതി രാമകൃഷ്ണൻ മൂപ്പൻ, ചിന്നൻ ചെറിയാൻ മൂപ്പൻ, പുതുശേരി കാർഷിക ഓഫീസർ സുഭാഷ്, ഒലീവിയ ഡയറക്ടർ ജെർലിറ്റ്, ഒലീവിയ അഡ്വൈസർ ടി.എച്ച്. രാമകൃഷ്ണൻ, ചീഫ് പ്രോജക്ട് മാനേജർ ഗൗതം രാമകൃഷ്ണൻ, സഞ്ജീവനി അംഗങ്ങളായ ബിന്ദു, രാജി, എസ്. നീതു, എം. ഐശ്വര്യ പങ്കെടുത്തു.
District News
പഞ്ചായത്ത് ഓഫീസിനു മുന്നിൽ വഴിയോര കച്ചവടക്കാരുടെ സമരം
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിലെ വഴിയോരകച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള തീരുമാനത്തിനെതിരേ വഴിയോര കച്ചവടക്കാർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമരം നടത്തി.
സിപിഎം ഏരിയ സെക്രട്ടറി വി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി. രതീഷ്, കണ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. ടൗണിലെ വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനപ്രകാരം പഞ്ചായത്ത് അധികൃതർ കഴിഞ്ഞദിവസം കച്ചവടക്കാർക്കു നോട്ടീസ് നൽകിയിരുന്നു.
അഞ്ചുദിവസത്തിനകം ടൗൺറോഡിലെ അനധികൃത വഴിയോര കച്ചവടം അവസാനിപ്പിക്കണമെന്നും മുഴുവൻ സാധന സാമഗ്രികളും സ്വന്തംചെലവിൽ നീക്കംചെയ്യണമെന്നും നിശ്ചിത സമയപരിധിക്കുള്ളിൽ കച്ചവട സാധനങ്ങൾ മാറ്റാത്തപക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ അറിയിച്ചിരുന്നു.
അതിനുവരുന്ന ചെലവ് കച്ചവടക്കാരിൽനിന്നും ഈടാക്കും.
റോളക്സ് ഓഡിറ്റോറിയം മുതൽ തങ്കം ജംഗ്ഷൻ വരെയുള്ള ഒന്നര കിലോമീറ്റർ ദൂരം പൊതുമരാമത്ത് വകുപ്പിന്റെ റോഡിലെ വഴിയോര കച്ചവടക്കാർക്കാണ് നോട്ടീസ് നൽകിയിട്ടുള്ളത്.
കച്ചവടക്കാർക്ക് ആവശ്യമെങ്കിൽ പഞ്ചായത്തിന്റെ സ്ഥലമായ ടൗണിൽതന്നെ കിഴക്കഞ്ചേരി റോഡിൽ പഴയ ഡെയ്ലി മാർക്കറ്റിൽ കച്ചവടം ചെയ്യുന്നതിന് ആവശ്യമായ സ്ഥലവും ലൈസൻസും അനുവദിക്കുമെന്നും നോട്ടീസിൽ പറയുന്നുണ്ട്. ഇതിനായി നോട്ടീസ് ലഭിച്ച് അഞ്ചുദിവസത്തിനകം പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്തി വിവരം നൽകണമെന്നും അറിയിച്ചിട്ടുണ്ട്.
പുനരധിവസിപ്പിക്കുകയാണെന്നു പഞ്ചായത്ത് പ്രസിഡന്റ്
വടക്കഞ്ചേരി: ടൗണിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുകയല്ല പുനരധിവസിപ്പിക്കുകയാണ് ചെയ്യുന്നതെന്നു പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദ് പറഞ്ഞു. ടൗണിന്റെ ഹൃദയഭാഗത്തുതന്നെ കിഴക്കഞ്ചേരി റോഡിന് അഭിമുഖമായി പൊന്നുംവിലയുള്ള സ്ഥലത്തേക്കാണ് വഴിയോര കച്ചവടക്കാരെ മാറ്റുന്നത്. നേരത്തെ ദിവസച്ചന്ത നടന്നിരുന്ന സ്ഥലമാണത്. എന്നാൽ സത്യാവസ്ഥ മറച്ചുവച്ച് വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ച് അവരെ വഴിയാധാരമാക്കുന്നു എന്ന പ്രചാരണം നടത്തി ടൗണിന്റെ വികസന സാധ്യതകളെ ഇല്ലാതാക്കുന്നത് അംഗീകരിക്കാനാവില്ല.
എംഎൽഎ ഫണ്ടിൽനിന്നും ലക്ഷങ്ങളേറെ ചെലവഴിച്ചാണ് ബസാർറോഡ് എന്ന വികസനപദ്ധതിയുടെ ഭാഗമായി ടൗണിൽ ഫുട്പാത്തും ഹാൻഡ് റെയിലും സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ ഇതു യാത്രക്കാർക്ക് വേണ്ടവിധം പ്രയോജനപ്പെടുന്നില്ല. 2024 നവംബർ 22ന് ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലും 2022 സെപ്റ്റംബറിൽ ചേർന്ന യോഗത്തിലും വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മറ്റു വിവിധ വകുപ്പു ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ തീരുമാനിച്ചിരുന്നതായി പ്രസിഡന്റ് പറഞ്ഞു. ഈ കാലഘട്ടങ്ങളിൽ സിപിഎമ്മായിരുന്നു പഞ്ചായത്ത് ഭരിച്ചിരുന്നത്. അന്നത്തെ തീരുമാനമാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. അന്നു തീരുമാനമെടുത്തവർതന്നെ പഞ്ചായത്ത് ഭരണം മാറിയപ്പോൾ തീരുമാനത്തിനെതിരേ സമരത്തിനുവരുന്നത് മനസിലാകുന്നില്ല. തീരുമാനവുമായി മുന്നോട്ടുപോകും. പുതിയ സ്ഥലത്തേക്ക് കച്ചവടം മാറ്റാൻ ടൗണിലെ 38 പേർക്കു നോട്ടീസ് നൽകിയിട്ടുണ്ട്.18 ന് ചേരുന്ന പഞ്ചായത്ത് ബോർഡ് യോഗത്തിൽ തുടർനടപടികളിൽ തീരുമാനമെടുക്കും. പൊതുമരാമത്ത് വകുപ്പാണ് വഴിയോരത്തെ നടപടികൾക്കു നേതൃത്വം നൽകേണ്ടത്. ആവശ്യമെങ്കിൽ പോലീസ് സംരക്ഷണവും ഉറപ്പാക്കുമെന്നും പ്രസിഡന്റ് പ്രസാദ് പറഞ്ഞു.
District News
ഒറ്റപ്പാലം: നാടാകെ ഫുട്ബോൾ ഫ്ലക്സ് ബോർഡുകൾ, നീക്കംചെയ്യണമെന്നു പോലീസ്. പൊതുസ്ഥലങ്ങളിലും വഴിയോരങ്ങളിലും സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡുകൾ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒറ്റപ്പാലം പോലീസ് ഉത്തരവിറക്കി.
ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും വർഷകാലത്തു ബോർഡുകൾ മറിഞ്ഞുവീണ് അപകടം സംഭവിക്കാനുള്ള സാധ്യത മുൻനിർത്തിയാണ് നടപടി. രണ്ടുദിവസത്തിനകം ബോർഡുകൾ നീക്കംചെയ്യണം. അല്ലാത്തപക്ഷം നിയമനടപടികൾ സ്വീകരിക്കും. പൊതു ഇടങ്ങളിൽ ഫ്ലക്സ് ബോർഡുകളും മറ്റു പരസ്യബോർഡുകളും സ്ഥാപിക്കാൻ പാടില്ലെന്ന ഹൈക്കോടതിവിധി മുൻനിർത്തിയാണ് പോലീസ് നടപടി.
ഒറ്റപ്പാലം പരിസരപ്രദേശങ്ങളിൽ റോഡിന്റെ ഇരുവശങ്ങളും ഫുട്ബാൾ ആരാധകരുടെ ബോർഡുകൾ കൈയടക്കിയിരിക്കുകയാണ്. പാലക്കാട് കുളപ്പുള്ളി പ്രധാന പാതയിലും ഇതുതന്നെയാണ് അവസ്ഥ. ഉൾനാടൻ ഗ്രാമങ്ങളിൽപോലും കൂറ്റൻ ബോർഡുകൾ ഇഷ്ട ടീമുകൾക്കുവേണ്ടി ആരാധകർ ഉയർത്തിയിട്ടുണ്ട്. ഇത്തരത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള ബോർഡുകൾ കനത്ത മഴയിലും കാറ്റിലും മറിഞ്ഞുവീഴാനുള്ള സാധ്യത നിലനിൽക്കുന്നു. ഇതുവഴി അപകടം സംഭവിക്കുമെന്നു പോലീസ് ചൂണ്ടിക്കാണിക്കുന്നു.
District News
പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ "പ്രിയദര്‍ശിനി' സൗജന്യ കെഎസ്ആര്‍ടിസി ബസ് യാത്രാപദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പാലക്കാടുനിന്നും ഗുരുവായൂരിലേക്കുപോകുന്ന ടൗണ്‍ ടു ടൗണ്‍ ബസില്‍ പട്ടാമ്പിയിലേക്കുള്ള യാത്രക്കാരി ശാന്തി പാട്ടത്തിലിന് ആദ്യ ടിക്കറ്റ് നല്കി ജില്ലാതല ഉദ്ഘാടനം വി.കെ. ശ്രീകണ്ഠന് എംപി നിര്‍വഹിച്ചു.
പാലക്കാട് 117 സര്‍വീസുകളാണ് നടത്തുന്നത്. ഇതില്‍ ടൗണ്‍ ബസുകള്‍ മുതല്‍ ഇതരസംസ്ഥാനങ്ങളിലേക്കുള്ള ഓര്‍ഡിനറി ബസുകളും ഉള്‍പ്പെടും. പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും ഓര്‍ഡിനറി സര്‍വീസുകളില്‍ സൗജന്യയാത്ര ലഭ്യമാകും. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നടന്ന പരിപാടിയില്‍ ജനറല്‍ കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ പി.എസ്. മഹേഷ് അധ്യക്ഷനായി. ഡിപ്പോ എൻജിനീയര്‍ റെജി മോന്, ഡിടിഒ ജോഷി ജോണ്‍, ടി. സന്തോഷ് കുമാര്‍, ടി.വി. രമേശ് കുമാര്‍ പങ്കെടുത്തു.
District News
പാലക്കാട്: വർധിച്ചുവരുന്ന വന്യമൃഗശല്യത്തിനു വിദേശരാജ്യങ്ങളെ മാതൃകയാക്കി ശാശ്വതപരിഹാരം കാണണമെന്നു കത്തോലിക്ക കോണ്‍ഗ്രസ് ഒലവക്കോട് ഫൊറോന സമ്മേളനം മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.
പഴയ സർക്കാർ പരീക്ഷിച്ചു പരാജയപ്പെട്ട തൂക്കുവൈദ്യുതിവേലിയുൾപ്പെടെയുള്ള പരീക്ഷണങ്ങൾ വന്യജീവികൾ ജനവാസ മേഖലയിലിറങ്ങി മനുഷ്യന്റെ ജീവനെടുക്കുന്നതിൽനിന്നും കൃഷി നശിപ്പിക്കുന്നതും തടയുന്നതിൽ പരാജയമാണെന്നു ബോധ്യമായ സ്ഥിതിക്ക് അനിമൽ കള്ളിംഗ് ഉൾപ്പെടെ വിദേശരാജ്യങ്ങൾ ചെയ്യുന്ന ശാസ്ത്രീയമാർഗങ്ങൾ നമ്മുടെ നാട്ടിലും സ്വീകരിക്കാൻ വനംവകുപ്പ് തയാറാകണം.
ഇതിനാവശ്യമായ പഠനങ്ങൾ ഉടൻ ആരംഭിക്കണം. വന്യജീവി ആക്രമണത്തിൽ ശാരീരിക വൈകല്യം സംഭവിച്ച് കിടപ്പുരോഗികളായിത്തീർന്നവർക്കും വന്യജീവി ആക്രമണംമൂലം കൃഷി നശിച്ചവർക്കും വനംവകുപ്പ് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു.
പാലക്കാട് രൂപതയിൽ നടക്കുന്ന സമുദായ ശക്തീകരണ പ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഒലവക്കോട് ഫൊറോന വികാരി ഫാ. ജോണ്‍ മൈലംവേലിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കത്തോലിക്ക കോണ്‍ഗ്രസ് ഒലവക്കോട് ഫൊറോന ഡയറക്ടർ ഫാ. ബിജു മുരിങ്ങക്കുടി, രൂപത പ്രസിഡന്റ് അഡ്വ. ബോബി ബാസ്റ്റ്യൻ, സെക്രട്ടറി കെ.എഫ്. ആന്റണി, ട്രഷറർ ജോസ് മുക്കട, അഡ്വ. ബെന്നി ജോബ്, അലക്സ് മലന്പുഴ, ആൻസി ജെയിംസ് എന്നിവർ പ്രസംഗിച്ചു.
ഒലവക്കോട് ഫൊറാന ഭാരവാഹികളായി അഡ്വ. ബെന്നി ജോബ്- പ്രസിഡന്റ്, ടോമി ഫ്രാൻസിസ്- സെക്രട്ടറി, സജി പാറേമ്മക്കൽ, വർഗീസ് പള്ളിതാനത്ത്, ആൻസി ജെയിംസ്- വൈസ് പ്രസിഡന്റുമാർ, മിജോയ് തെക്കേക്കര, കൊച്ചുത്രേസ്യ- ജോയിന്റ് സെക്രട്ടറിമാർ, മാത്യു എം.ജെ. മണ്ഡപത്തിക്കുന്നേൽ-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
District News
വടക്കഞ്ചേരി: യുവതലമുറ വിശ്വാസത്തിലും സ്നേഹത്തിലും കൂട്ടായ്മയിലും വളരണമെന്നും സമൂഹത്തിനു നന്മ ചെയ്തുജീവിക്കാൻ മാതാപിതാക്കൾ അവരെ പ്രാപ്തരാക്കണമെന്നും ബിഷപ് എമരിറ്റസ് മാർ ജേക്കബ് മനത്തോടത്ത്. കണക്കൻതുരുത്തി രാജഗിരി തിരുഹൃദയ പള്ളിയിൽ ഈശോയുടെ തിരുഹൃദയ തിരുനാളിൽ ദിവ്യബലിയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്.
വികാരി ഫാ. ഡേവിസ് ചക്കുംപീടിക, ഫാ. ജസ്റ്റിൻ വട്ടമറ്റം എന്നിവർ സഹകാർമികരായി. മികച്ച വിജയം നേടിയവരെ ആദരിക്കലും വേദപാഠം കുട്ടികൾക്കുള്ള സമ്മാനദാനവും ഊട്ടുനേർച്ചയും നടന്നു. വികാരി ഫാ. ഡേവിസ് ചക്കുംപീടിക, കൈകാരന്മാരായ സന്തോഷ് വെള്ളമറ്റത്തിൽ, ആന്റോ വല്ലയിൽ എന്നിവരുടെ നേതൃത്വത്തിൽ വിശ്വാസസമൂഹം ബിഷപിനെ സ്വീകരിച്ചു.
District News
അലനല്ലൂർ: പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി തുട രുന്നതിനിടെ കഴിഞ്ഞദിവസം നായ ആക്രമിക്കാൻ ശ്രമിച്ചതോടെ സ്കൂട്ടർ നിയന്ത്രണംവിട്ടുമറിഞ്ഞ് യുവാവിനു പരിക്കേറ്റു.
അലനല്ലൂർ ചന്തപ്പടിയിലാണ് സംഭവം. വ്യാപാരിയായ യൂസഫ് ചോലയിലിനാണു പരിക്കേറ്റത്. കൈയിൽ മുറിവേൽക്കുകയും വാഹനത്തിനു കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസംഎടത്തനാട്ടുകരയിൽ ആറുപേർക്കു നായയുടെ കടിയേറ്റിരുന്നു.
District News
പാലക്കാട്: ഐഐടി കാന്പസിൽ പെണ്‍കുട്ടിക്കുനേരേ ആക്രമണം നടത്തിയ പ്രതിയുമായുള്ള തെളിവെടുപ്പ് ഉടൻ നടത്തുമെന്നു കസബ പോലീസ് അറിയിച്ചു. കൊൽക്കത്ത സ്വദേശി സുമൻ (21) ആണ് പ്രതി. കാന്പസിൽ നിർമാണ തൊഴിലാളിയായി എത്തിയ ഇയാൾ കുറ്റകൃത്യത്തിനുശേഷം കൊൽക്കത്തയിലേക്കു കടന്നുകളഞ്ഞിരുന്നു.
പ്രത്യേക അന്വേഷണസംഘം കഴിഞ്ഞദിവസമാണ് ഇയാളെ തിരിച്ചെത്തിച്ചത്. ഫെബ്രുവരി 23 നായിരുന്നു സംഭവം. സേലം സ്വദേശിനിയായ നാലാംവർഷ വിദ്യാർഥിനി അശ്വിനി (23) ആണ് ആക്രമിക്കപ്പെട്ടത്. തലയ്ക്ക് അടിയേറ്റതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ ശസ്ത്രക്രിയക്കു വിധേയയാക്കിയിരുന്നു.
ചികിത്സകഴിഞ്ഞ് കഴിഞ്ഞദിവസമാണ് പെണ്‍കുട്ടി കാന്പസിൽ തിരിച്ചെത്തിയത്. പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. കാന്പസിലും കഞ്ചിക്കോട്ടെ താമസസ്ഥലത്തും പ്രതിയെഎത്തിച്ച് തെളിവെടുപ്പു നടത്താനാണ് പോലീസ് നീക്കം.
District News
മണ്ണാർക്കാട്: കോട്ടോപ്പാടം പഞ്ചായത്തിൽ തിരുവിഴാംകുന്ന് അമ്പലപ്പാറ ഭാഗങ്ങളിൽ നിരന്തരമായുള്ള കാട്ടാന ശല്യം പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നു മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു.
യുഡിഎഫ് കോട്ടോപ്പാടം പഞ്ചായത്ത് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇതു കൂടാതെ വിവിധ റോഡുകൾ, മൈതാനം തുടങ്ങി ഒട്ടേറെ ആവശ്യങ്ങൾ നാട്ടുകാർ അവതരിപ്പിച്ചു. ഇതിനെല്ലാം ഘട്ടംഘട്ടമായി പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.
യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ പാറശ്ശേരി ഹസൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം റഷീദ് ആലായൻ, പഞ്ചായത്ത് അധ്യക്ഷ ബിന്ദു ചന്ദ്രൻ, കല്ലടി അബൂബക്കർ, അസീസ് ഭീമനാട്, ഉമ്മർ മനച്ചിത്തൊടി, പി. മുരളീധരൻ, ഹുസൈൻ കോളശ്ശേരി, സക്കീർ തയ്യിൽ, ഷീജ രമേഷ്, ടി. കെ. ഇപ്പു, റഷീദ് മുത്തനിൽ, ഒ. ചേക്കു, റഫീഖ് കൊങ്ങത്ത്, പടുവിൽ മാനു, രഞ്ജിത്ത് പോറ്റൂർ, കെ.ജി. ബാബു, മണികണ്ഠൻ വടശേരി, ഷിജാദ് അമ്പലപ്പാറ, മുനീർ താളിയിൽ, കെ.കെ. നൗഷാദ്, ആമിനക്കുട്ടി, സൈനുദ്ദീൻ താളിയിൽ, എൻ.പി. ഹമീദ്, കൂമഞ്ചീരി ബഷീർ, ഷാനിർ മണലടി, കെ.ടി. അബ്ദുല്ല, കുഞ്ഞയമ്മു ആനിക്കാടൻ, ദീപ ഷിന്റോ, കെ.ടി. സുൽഫത്ത്, സിനി നിജോ വർഗീസ് എന്നിവർ പ്രസംഗിച്ചു.
District News
കോട്ടയം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതിക്ക് ജില്ലയില്‍ തുടക്കം. യാത്രയില്‍ പങ്കുചേര്‍ന്നും മധുരം വിതരണം ചെയ്തും പല കേന്ദ്രങ്ങളിലും വനിതകള്‍ ആദ്യദിനം ആഘോഷമാക്കി. റിബണുകളും ബലൂണും കെട്ടി അലങ്കരിച്ചാണ് പ്രിയദര്‍ശിനി ബസുകള്‍ സര്‍വീസിനായി എത്തിയത്.
ജില്ലാതല ഉദ്ഘാടനം കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡില്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വഹിച്ചു. കുമകരം വഴി ചേര്‍ത്തലയ്ക്കു സര്‍വീസ് നടത്തുന്ന ഓര്‍ഡിനറി ബസിലെ യാത്രക്കാരിക്ക് അദ്ദേഹം സീറോ ടിക്കറ്റ് കൈമാറി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കോട്ടയം നഗരസഭാധ്യക്ഷന്‍ എം.പി. സന്തോഷ് കുമാര്‍, ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എസ്. രമേശ് എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം ഡിപ്പോയില്‍ 22 ഓര്‍ഡിനറി സര്‍വീസുകളിലാണ് സ്ത്രീകള്‍ക്ക് സൗജന്യയാത്രാ സൗകര്യം ലഭ്യമാവുക.
കടുത്തുരുത്തി നിയോജകമണ്ഡലംതല ഉദ്ഘാടനം കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസിന് ആദ്യയാത്രയ്ക്കുള്ള സീറോ ടിക്കറ്റ് മന്ത്രി കൈമാറി. തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്, അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പുതുപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയും ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നാട്ടകം സുരേഷ് എംഎല്‍എയും പൊന്‍കുന്നം പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ പ്രഫ. റോണി കെ. ബേബി എംഎല്‍എയും പ്രിയദര്‍ശിനി ബസിന്റെ യാത്ര ഉദ്ഘാടനം ചെയ്തു. ചങ്ങാശേരി പെരുന്ന ബസ് സ്റ്റാന്‍ഡില്‍ വിനു ജോബ് എംഎല്‍എയും എരുമേലിയിലും മുണ്ടക്കയത്തും എം.ജെ. സെബാസ്റ്റ്യന്‍ എംഎല്‍എയും വൈക്കം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ കെ. ബിനിമോന് എംഎല്‍എയും ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രതിഷേധവുമായിമഹിളാ മോര്‍ച്ച
കോട്ടയം: സംസ്ഥാനത്തെ മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. കോട്ടയം ഡിപ്പോയില്‍നിന്നു സര്‍വീസ് ആരംഭിക്കാനിരുന്ന ബസ് തടഞ്ഞായിരുന്നു പ്രവര്‍ത്തകര്‍ സമരം നടത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ബസിനുള്ളില്‍ കയറി മുദ്രാവാക്യം വിളിക്കുകയും യാത്ര തടസപ്പെടുത്തുകയും ചെയ്തു. അപ്രതീക്ഷിതമായി നടത്തിയ സമരം തങ്ങളെ ബുദ്ധിമുട്ടിലാക്കുന്നെന്ന് ചൂണ്ടിക്കാട്ടി ബസിലുണ്ടായിരുന്ന യാത്രക്കാര്‍ സമരക്കാര്‍ക്കെതിരേ രംഗത്തുവന്നു. യാത്രക്കാരുടെ ഭാഗത്തുനിന്നു ശക്തമായ പ്രതിഷേധവും എതിര്‍പ്പും ഉയര്‍ന്നതിനെ തുടര്‍ന്ന് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ബസിനുള്ളിലെ സമരം അവസാനിപ്പിച്ചു പിന്മാറുകയായിരുന്നു.
സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ സമരത്തിന്റെ ഭാഗമായി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നടത്തിയ സമരം മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി മഞ്ജു സുരേഷ് ഉദ്ഘാടനം ചെയ്തു. കോട്ടയം വെസ്റ്റ് ജില്ലാ അധ്യക്ഷ ഉഷാ സുരേഷ് അധ്യക്ഷത വഹിച്ചു.
District News
കോട്ടയം: കോട്ടയം, ആലപ്പുഴ ജില്ലകളില്‍ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഊര്‍ജിത നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്. രണ്ടു ജില്ലകളിലെയും വൈദ്യുതി മേഖലയിലെ വികസനപദ്ധതികളും വെല്ലുവിളികളും അവലോകനം ചെയ്യുന്നതിന് പള്ളം ഡാം സേഫ്റ്റി ഹാളില്‍ ചേര്‍ന്ന എംഎല്‍എമാരുടെയും കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
എംഎല്‍എമാരുടെ നേതൃത്വത്തിലുള്ള നിയോജക മണ്ഡലം സമിതികള്‍ സജീവമാക്കണം. തദ്ദേശ സ്ഥാപനതലത്തിലും സമിതികള്‍ രൂപീകരിക്കണം. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ മുന്‍കൈ എടുത്ത് മൂന്നു മാസത്തില്‍ ഒരിക്കല്‍ ഈ സമിതികളുടെ യോഗം നടത്തണം. മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരത്തിന് ശ്രമിക്കണം. കുട്ടനാട് നിയോജക മണ്ഡലത്തിലെ സവിശേഷസാഹചര്യം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
വൈദ്യുതി വിതരണം തടസപ്പെടുമ്പോള്‍ സമയബന്ധിതമായി പരിഹാരം കാണാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. വൈദ്യുതി മുടങ്ങുന്നതിന്റെ കാരണം ജനങ്ങളെ അറിയിക്കണം. തദ്ദേശ സ്വയംഭരണസ്ഥാപന തലത്തിലുള്ള ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കണം. പരാതികള്‍ അറിയിക്കുന്നതിന് ഫോണിലും നേരിട്ടും ബന്ധപ്പെടുന്നവരോട് സൗഹാര്‍ദപരമായി പെരുമാറാന്‍ ശ്രദ്ധിക്കണം.
ഫീല്‍ഡ് സ്റ്റാഫിന്റെ കുറവ് പരിഹരിക്കുന്നതിന് പ്രാദേശിക തലത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ടച്ചിംഗ് വെട്ടുന്നതുമായി ബന്ധപ്പെട്ട് പരാതികളും പരിഹരിക്കും. പുതുപ്പളളി നിയോജകമണ്ഡലത്തില്‍ പുതുപ്പള്ളിക്കും മണര്‍കാടിനും ഇടയില്‍ പുതിയ സബ് സ്റ്റേഷന് നിര്‍മിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്കി.
പാടശേഖരങ്ങള്‍ നിറഞ്ഞ കുമരകം, അയ്മനം, തിരുവാര്‍പ്പ് മേഖലകളിലും ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ഹരിപ്പാട് മേഖലകളിലും വൈദ്യുതി മുടക്കം പതിവാകുന്നതിനാല് സബ് സ്റ്റേഷനുകള്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ സാങ്കേതികതടസങ്ങള് പരിഹരിച്ച് വേഗത്തിലാക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. കോട്ടയം ജില്ലാ പഞ്ചായത്ത് കെഎസ്ഇബിക്ക് പണം നല്‍കിയിട്ടുള്ള പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കും.
എംഎല്‍എമാരായ ചാണ്ടി ഉമ്മന്‍, നാട്ടകം സുരേഷ്, പ്രഫ. റോണി കെ. ബേബി, റെജി ചെറിയാന്, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കോട്ടയം നഗരസഭാധ്യക്ഷന്‍ എം.പി. സന്തോഷ്കുമാര്‍, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രന്, നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്റെ പ്രതിനിധി കെ. ഉമേശന്, കെഎസ്ഇബി സൗത്ത് സോണ്‍ ചീഫ് എന്‍ജിനിയര്‍ ആര്.ആര്. ബിജു, സെന്‍ട്രല്‍ സോണ്‍ ചീഫ് എന്‍ജിനിയര്‍ കെ. ദിനേഷ്, കെഎസ്ഇബിയിലെ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
പാലാ: നഗരസഭയിലെ ഉള്‍പാര്‍ട്ടി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് നിര്‍ദേശങ്ങള്‍ അംഗീകരിച്ച് സ്വതന്ത്ര മുന്നണി രംഗത്തുവന്നതോടെ പാര്‍ട്ടി നിലപാടിനൊപ്പം നില്ക്കാന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് നേതാക്കളുടെ നിര്‍ദേശം. കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ സ്വതന്ത്രമുന്നണി അംഗീകരിച്ചതായാണ് സൂചന.
കൊട്ടാരമറ്റം ബസ് ടെര്‍മിനലില്‍ സ്ഥാപിച്ച ഓട്ടോ സ്റ്റാന്‍ഡിന് നിയമവിധേയമായി അംഗീകാരം നല്‍കുക, കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരേ നല്കിയ മോഷണ പരാതി പിന്‍വലിക്കുക, മായാ രാഹുല്‍ രാജിവയ്ക്കുമ്പോള്‍ വൈസ് ചെയര്മാന് സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കുക, ഭരണ മേല്‍നോട്ടത്തിനായി യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തില്‍ സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കുക എന്നീ നാല് നിര്‍ദേശങ്ങളാണ് കൗണ്‍സിലര്‍മാരുടെ കൂടി അഭിപ്രായം കേട്ടശേഷം പാര്‍ട്ടി നേതൃത്വം സ്വതന്ത്ര മുന്നണിക്ക് മുന്നില്‍വച്ചത്.
യുഡിഎഫില്‍ ഘടക കക്ഷികളായ കേരള കോണ്‍ഗ്രസ്, കെഡിപി എന്നിവര്‍ക്ക് മുന്നിലും കോണ്‍ഗ്രസ് ഈ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. കോണ്‍ഗ്രസ് അവതരിപ്പിച്ച നിര്‍ദേശങ്ങള്‍ ഉപാധിരഹിതമായി അംഗീകരിക്കാന്‍ സ്വതന്ത്ര മുന്നണിയും ഇതര ഘടകകക്ഷികളും തയാറാകുകയും ചെയ്തു.
കോണ്‍ഗ്രസിലെ ബിജു മാത്യൂസ് ഉള്‍പ്പെടെയുള്ള കൗണ്‍സിലര്‍മാര്‍ ഉയര്‍ത്തിയ എല്ലാ വിഷയങ്ങള്‍ക്കും ഇതോടെ പരിഹാരം കണ്ടെത്തിയതായാണ് ചര്‍ച്ചള്‍ക്ക് നേതൃത്വം നല്കുന്ന ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍. സുരേഷ്, ഡിസിസി ജനറല്‍ സെക്രട്ടറി സതീശ് ചൊള്ളാനി, മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കാട്ടില്‍ എന്നിവര്‍ വ്യക്തമാക്കിയത്.
പ്രചാരണം രാഷ്ട്രീയ പ്രേരിതമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലർമാർ
പാലാ: നഗരസഭയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ കേരള കോണ്‍ഗ്രസ്-എം നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ രാഷ്ട്രീയ പ്രേരിതവും ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താനും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തമ്മില്‍ തല്ലിക്കാനും ലക്ഷ്യമിട്ടുള്ളതുമാണെന്നും ഇത് തികച്ചും വസ്തുതാവിരുദ്ധമാണെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ടോണി തൈപ്പറമ്പില്‍ പറഞ്ഞു.